അങ്ങാടിപ്പുറം മേൽപ്പാലത്തിൽ കുഴിക്കെണി; യാത്രക്കാർ ഭീതിയിൽ
അങ്ങാടിപ്പുറം: ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്ന് അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലത്തിൽ രൂപപ്പെട്ട കുഴികൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. കുഴികളിൽ ഇരുചക്രവാഹനങ്ങൾ വീണ് അപകടങ്ങൾ ഉണ്ടാകുന്നത് പതിവായിരിക്കുകയാണ്.
നേരത്തെ രൂപപ്പെട്ട കുഴികൾ നികത്താൻ ഉപയോഗിച്ച കല്ലും മണലും ഇളകി റോഡിൽ പരന്നതോടെ അപകടസാധ്യത വർധിച്ചു. ദേശീയപാതയുടെ ഇരുഭാഗങ്ങളിൽ നിന്ന് മേൽപ്പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളിലും കുഴികൾ രൂപപ്പെട്ട് വെള്ളം കെട്ടിക്കിടക്കുകയാണ്. അമ്പലക്കുളത്തിന് മുന്നിലെ കുഴിയും വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയുയർത്തുന്നുണ്ട്. മേൽപ്പാലത്തിന്റെ ഇരുവശങ്ങളിലെയും കൈവരികളോട് ചേർന്ന് രൂപപ്പെട്ട ഉയർന്ന തിട്ടകളും അപകടസാധ്യത വർധിപ്പിക്കുന്നു.മഴവെള്ളം റോഡിൽ നിന്ന് ഒഴുകിപ്പോകാൻ ആവശ്യമായ ഓടകൾ നിർമിക്കാത്തതും റോഡിന്റെ ശോച്യാവസ്ഥയ്ക്ക് കാരണമാകുന്നതായി നാട്ടുകാർ പറയുന്നു. ഓട്ടോറിക്ഷകൾക്കും ചെറുവാഹനങ്ങൾക്കും മേൽപ്പാലത്തിലൂടെയുള്ള യാത്ര ഏറെ പ്രയാസകരമായിരിക്കുകയാണ്.മേൽപ്പാലത്തിലെ യാത്രാദുരിതം പരിഹരിക്കുന്നതിനും അപകടസാധ്യത ഒഴിവാക്കുന്നതിനും ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
