എടായിപ്പാലം മണ്ണിടിച്ചിൽ: വേങ്ങര–മലപ്പുറം റൂട്ടിലെ ഗതാഗത നിയന്ത്രണം ഓഗസ്റ്റ് 14 വരെ

August 08, 2026 - By MalappuramMedia

മലപ്പുറം: എടായിപ്പാലത്ത് ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് വേങ്ങര–മലപ്പുറം റൂട്ടിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ഓഗസ്റ്റ് 14 വരെ തുടരുമെന്ന് ജില്ലാ കലക്ടർ വിനയ് ഗോയൽ അറിയിച്ചു.

പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം നീട്ടിയത്. റെഡ്, ഓറഞ്ച് മഴ മുന്നറിയിപ്പ് പ്രഖ്യാപിക്കുന്ന ദിവസങ്ങളിൽ 24 മണിക്കൂറും ഈ റൂട്ടിൽ യാത്രാനിരോധനം തുടരും. മറ്റ് ദിവസങ്ങളിൽ വൈകിട്ട് 7 മുതൽ രാവിലെ 6 വരെ വാഹനഗതാഗതം അനുവദിക്കില്ല.

എടായിപ്പാലം മുതൽ കാരാത്തോട് സ്ട്രെയ്റ്റ് പാത്ത് സ്കൂൾ ജംഗ്ഷൻ വരെയുള്ള റോഡിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും പൂർണമായി നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ മലയോര മേഖലയിൽ നിന്ന് ഇപ്പോഴും വെള്ളം ഒഴുകിയെത്തുന്നുണ്ട്. ശക്തമായ മഴ ലഭിച്ചാൽ വീണ്ടും മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നതിനാലാണ് നിയന്ത്രണം തുടരുന്നത്.

നിയന്ത്രണ സമയങ്ങളിൽ യാത്ര ചെയ്യുന്ന വാഹനങ്ങൾ അധികാരത്തൊടി–കുറ്റാളൂർ ഫസ്റ്റ് റീച്ച് റോഡ് (കോണോംപാറ–കാരാത്തോട്) വഴിയോ ഒതുക്കുങ്ങൽ–കാരാത്തോട്–വേങ്ങര വഴിയോ സഞ്ചരിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു. ബദൽ റൂട്ടുകൾ വ്യക്തമാക്കുന്ന സൂചനാ ബോർഡുകളും സ്ഥാപിക്കും.

മണ്ണിടിച്ചിലുണ്ടായ പ്രദേശത്തിന് സമീപം പൊതുജനങ്ങൾ അനാവശ്യമായി കൂട്ടംകൂടുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുതെന്നും ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകി. മഴ ശക്തമാകുന്ന സാഹചര്യത്തിൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

Recent

Load More