കാലിക്കറ്റ് സർവകലാശാലയിലെ കളരി വീണ്ടും സജീവമാകുന്നു

August 08, 2026 - By MalappuramMedia

തേഞ്ഞിപ്പലം: വിദ്യാർഥികൾക്കും അധ്യാപക, അനധ്യാപക ജീവനക്കാർക്കും കളരി അഭ്യാസമുറകൾ പഠിക്കാൻ കാലിക്കറ്റ് സർവകലാശാലാ കാമ്പസിലെ കുഴിക്കളരി വീണ്ടും സജീവമാകുന്നു. സർവകലാശാലാ ഫോക്ലോർ പഠന വിഭാഗത്തിന് കീഴിലുള്ള കുഴിക്കളരിയിൽ ഓഗസ്റ്റ് 17 മുതൽ പരിശീലനം ആരംഭിക്കും.

ഗവേഷകർ, അധ്യാപകർ, ജീവനക്കാർ, അവരുടെ പങ്കാളികൾ, മക്കൾ എന്നിവർക്കും പരിശീലനത്തിൽ പങ്കെടുക്കാം. ആദ്യഘട്ടത്തിൽ പരമാവധി 100 പേർക്കാണ് അവസരം. വള്ളിക്കുന്നിലെ സുരേഷ് ഗുരുക്കളുടെ മേൽനോട്ടത്തിൽ നാല് ബാച്ചുകളിലായാണ് പരിശീലനം.

രാവിലെ 6 മുതൽ 7 വരെയും 7 മുതൽ 8 വരെയും രണ്ട് ബാച്ചുകളുണ്ടാകും. വൈകീട്ട് 5.15 മുതൽ 6.15 വരെയും 6.15 മുതൽ 7.15 വരെയുമാണ് മറ്റ് രണ്ട് ബാച്ചുകൾ.

സ്കൂൾ ഓഫ് ഫോക്ലോർ സ്റ്റഡീസിന്റെ വെബ്സൈറ്റായ www.folklore.uoc.ac.in വഴി അപേക്ഷാഫോം ലഭിക്കും. ഓഗസ്റ്റ് 10നകം അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം 1,500 രൂപ ഫീസ് ഡിജിറ്റൽ പേയ്മെന്റായി നൽകണം. ഞായറാഴ്ച ഉൾപ്പെടെയുള്ള ഔദ്യോഗിക അവധി ദിവസങ്ങളിൽ പരിശീലനം ഉണ്ടായിരിക്കില്ല.

ഭാവിയിൽ പൊതുജനങ്ങൾക്കും പരിശീലനസൗകര്യം ഒരുക്കുന്നതിനും കളരിചികിത്സ ആരംഭിക്കുന്നതിനും ആലോചനയുണ്ടെന്ന് ഫോക്ലോർ പഠനവിഭാഗം മേധാവി ഡോ. സി.കെ. ജിഷ് പറഞ്ഞു.

സർവകലാശാലാ ഹ്യുമാനിറ്റീസ് ബ്ലോക്കിന് സമീപം 2010-11 കാലയളവിലാണ് കുഴിക്കളരി സ്ഥാപിച്ചത്. പരിശീലനം ആരംഭിക്കുന്നതിന് മുന്നോടിയായി നിലവിൽ കുഴിക്കളരിയിൽ മിനുക്ക് പണികൾ പുരോഗമിക്കുകയാണ്.

Category: Education MEDIA

Recent

Load More