ഫാസിൽ മാജിദിന്  ദേശീയ യൂത്ത് അവാർഡ്

August 06, 2026 - By MalappuramMedia



കുറ്റിപ്പുറം : ഇന്ത്യൻ സ്കൗട്ട് ആൻഡ് ഗൈഡ്സ് ഫെല്ലോഷിപ്പ് ദേശീയ യൂത്ത് അവാർഡ് തവനൂർ കടകശ്ശേരി സ്വദേശി ഫാസിൽ മാജിദിന്. കേരളത്തിൽ നിന്ന് ഇത്തവണ ഈ പുരസ്കാരത്തിന് അർഹനായ ഏക വ്യക്തിയാണ് ഫാസിൽ. സ്കൗട്ടിംഗ് രംഗത്ത് സാമൂഹിക സേവനം, യുവജനക്ഷേമം, നേതൃത്വ പരിശീലനം എന്നിവയിൽ നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് ഫാസിലിനെ ദേശീയ പുരസ്കാരത്തിന് അർഹനാക്കിയത്. ഇന്ത്യൻ സ്കൗട്ട് ആൻഡ് ഗൈഡ്സ് ഫെല്ലോഷിപ്പും മേഘാലയ എസ്ജിഎഫും സംയുക്തമായി സംഘടിപ്പിക്കുന്ന 15-ാമത് ദേശീയ യൂത്ത് അവാർഡ് ദാനച്ചടങ്ങ് ഓഗസ്റ്റ് 12-ന് മേഘാലയയിലെ ഷില്ലോങ്ങിൽ നടക്കും. 2011-ൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിൽ അംഗമായ ഫാസിൽ നിലവിൽ നാഷണൽ യൂത്ത് കമ്മിറ്റി സെക്രട്ടറിയാണ്. ബേസിക് എയർ സ്കൗട്ട് മാസ്റ്റർ യോഗ്യതയും നേടിയിട്ടുണ്ട്.

2019-ൽ അമേരിക്കയിൽ നടന്ന 24-ാമത് ലോക സ്കൗട്ട് ജാംബൂരിയിൽ ഇന്ത്യൻ സംഘത്തിന്റെ ഐഎസ്ടി അംഗമായും 2023-ൽ ദക്ഷിണ കൊറിയയിൽ നടന്ന 25-ാമത് ലോക സ്കൗട്ട് ജാംബൂരിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് യൂണിറ്റ് ലീഡറായും പ്രവർത്തിച്ചു. 2019-ലെ ലോക സ്കൗട്ട് ജാംബൂരിയിലെ മികച്ച അന്താരാഷ്ട്ര സേവന അവാർഡും അദ്ദേഹത്തെ തേടിയെത്തി. കേരള സംസ്ഥാന കാംപൂരി 2023-ൽ ഗ്ലോബൽ വില്ലേജ് കോർഡിനേറ്ററായും സംസ്ഥാന-ദേശീയ സ്കൗട്ടിംഗ് പരിപാടികളിൽ ഗ്രാഫിക് ഡിസൈനറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

രാജ്യപുരസ്കാർ (ഗവർണർ അവാർഡ്), രാഷ്ട്രപതി അവാർഡ്, ഇന്റർനാഷണൽ സർവീസ് അവാർഡ് എന്നിവ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഫാസിൽ നേടിയിട്ടുണ്ട്. ബംഗളൂരു, രാജസ്ഥാൻ, തിരുച്ചി എന്നിവിടങ്ങളിലെ ദേശീയ ജാംബൂരികളിലും പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ നടന്ന നാഷണൽ അഡ്വഞ്ചർ ട്രെയിനിംഗിലും പങ്കെടുത്തിട്ടുണ്ട്. കടകശ്ശേരി ഐഡിയൽ സ്കൂളിൽ മോണ്ടിസോറി മുതൽ പ്ലസ് ടു വരെ പഠിച്ച ഫാസിൽ, തുടർന്ന് അവനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ നിന്ന് ബാച്ചിലർ ഓഫ് ആർക്കിടെക്ചർ ബിരുദം നേടി. നിലവിൽ കുറ്റിപ്പുറം എംഇഎസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ എംബിഎ പഠനം തുടരുന്നുണ്ട്. കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ സ്കൗട്ട് മാസ്റ്ററായും ഐഡിയൽ ഇന്റർനാഷണൽ കാമ്പസിൽ സ്കൂൾ കോർഡിനേറ്ററായും പ്രവർത്തിക്കുന്നു.

ഐഡിയൽ സിഇഒ മജീദ് ഐഡിയലിന്റെയും ഫൗസിയയുടെയും മകനാണ് ഫാസിൽ. 2027-ൽ പോളണ്ടിൽ നടക്കുന്ന ലോക സ്കൗട്ട് ജാംബൂരിക്കായുള്ള ഒരുക്കങ്ങളിലാണ് ഇദ്ദേഹം

Category: തവനൂർ

Recent

Load More