പി.എം.ശ്രീ ഗൂഢശ്രമം വിലപ്പോകില്ല: മന്ത്രി എൻ. ഷംസുദ്ദീൻ

August 05, 2026 - By MalappuramMedia

തേഞ്ഞിപ്പലം: പി.എം.ശ്രീ പദ്ധതി ആരുടെയും മേൽ അടിച്ചേൽപ്പിക്കണമെന്നോ സന്തോഷത്തോടെ നടപ്പാക്കണമെന്നോ സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. കാലിക്കറ്റ് സർവകലാശാലയിലെ മുസ്‌ലിം ലീഗ് സർവീസ് സംഘടനയായ സോളിഡാരിറ്റി ഓഫ് എംപ്ലോയീസിന്റെ 36-ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പി.എം.ശ്രീ പദ്ധതിയെ ചൊല്ലിയുള്ള വിവാദത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള ചിലരുടെ ശ്രമം വിജയിക്കില്ലെന്നും പുകമറ സൃഷ്ടിച്ച് സർക്കാരിനെ സംശയത്തിന്റെ നിഴലിൽ നിർത്താനാണ് ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. അനാവശ്യ വിവാദങ്ങൾ നാടിന് ഗുണകരമല്ലെന്നും ഇടതുപക്ഷത്തിന് ഈ വിഷയത്തിൽ വിമർശിക്കാൻ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ പ്രതിസന്ധിക്ക് കാരണക്കാരും അവർ തന്നെയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി ഒരു പരിപാടിക്കിടെ പൊന്നാനിയിലെ വീട്ടിൽ ഭക്ഷണം കഴിച്ചതുപോലും രാഷ്ട്രീയവത്കരിക്കുകയാണെന്നും അതിനെതിരായ പ്രതികരണങ്ങൾ നിലവാരമില്ലാത്തതായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

കാലിക്കറ്റ് സർവകലാശാലയെ കൂടുതൽ ക്രിയാത്മകമായി മുന്നോട്ടുകൊണ്ടുപോകാൻ സോളിഡാരിറ്റി ഓഫ് എംപ്ലോയീസ് ശക്തമായ ഇടപെടൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

സംഘടനാ പ്രസിഡന്റ് ഹബീബ്‌കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ ടി.വി. ഇബ്രാഹിം, പി.എം.എ. സമീർ, ഡോ. വി.പി. അബ്ദുൾഹമീദ്, സിൻഡിക്കേറ്റ് അംഗങ്ങളായ സി.പി. ഹംസ, ഡോ. എ.ടി. അബ്ദുൾ ജബ്ബാർ, എ.കെ. ഷാഹിനമോൾ, എം. അഹമ്മദ് കബീർ, യൂത്ത് ലീഗ് ദേശീയ നിർവാഹകസമിതി അംഗം പി.ഐ. മുഹമ്മദലി ബാബു, കെ. മുഹമ്മദ് ഷെരീഫ്, എം.ടി. ജോഷിൽ എന്നിവർ സംസാരിച്ചു.

Recent

Load More