ഒരുദിവസമായ കുഞ്ഞിന് അത്യപൂർവ ശസ്ത്രക്രിയ
പെരിന്തൽമണ്ണ: ഒരുദിവസം മാത്രം പ്രായമായ നവജാതശിശുവിന് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ അത്യപൂർവ തൊറാക്കോസ്കോപ്പിക് (താക്കോൽദ്വാര) ഡയഫ്രം ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഗർഭകാല അൾട്രാസൗണ്ട് പരിശോധനയിൽ കുഞ്ഞിന് ജന്മനാ ഡയഫ്രമാറ്റിക് ഹെർണിയയുണ്ടെന്ന് സംശയമുണ്ടായിരുന്നെങ്കിലും, ജനനശേഷം നടത്തിയ വിശദപരിശോധനയിൽ ഡയഫ്രമാറ്റിക് ഇവെന്ററേഷനാണെന്ന് കണ്ടെത്തി.
ജനിച്ച ഉടൻ കുഞ്ഞിനെ നിയോനാറ്റോളജി വിഭാഗം ഐസിയുവിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകി. ശ്വാസകോശത്തിന്റെ വികാസത്തെ ബാധിക്കുന്ന ഈ അപൂർവ അവസ്ഥയ്ക്ക് ജനിച്ച് 24 മണിക്കൂറിനുള്ളിൽ തന്നെ ശിശു ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ഷിജുവിന്റെ നേതൃത്വത്തിൽ തൊറാക്കോസ്കോപ്പിക് ശസ്ത്രക്രിയ നടത്തി ഡയഫ്രം സാധാരണ നിലയിലേക്ക് പുനഃസ്ഥാപിച്ചു.ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയിലായിരുന്ന കുഞ്ഞിനെ ഒമ്പതാം ദിവസം പൂർണ ആരോഗ്യത്തോടെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. എ. സീതി, ഡെപ്യൂട്ടി ഡയറക്ടർ ഡോ. റിസ്വിൻ അഹമ്മദ്, ചീഫ് ഓപ്പറേഷൻ ഓഫീസർ രാംദാസ് എന്നിവർ അറിയിച്ചു.
