30 കുപ്പി മദ്യവുമായി വള്ളിക്കുന്നിൽ യുവാവ് പിടിയിൽ; സ്കൂട്ടറും എക്സൈസ് പിടിച്ചെടുത്തു

August 04, 2026 - By MalappuramMedia

പരപ്പനങ്ങാടി: പരപ്പനങ്ങാടി എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ തണ്ടർ’ റെയ്ഡിന്റെ ഭാഗമായി വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ 30 കുപ്പി പുതുച്ചേരി മദ്യവുമായി പശ്ചിമബംഗാൾ സ്വദേശി എസ്.കെ. ഫിർദൗസ് (24) പിടിയിലായി. പ്രതിയിൽ നിന്ന് മദ്യം കടത്താൻ ഉപയോഗിച്ചിരുന്ന സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു.

പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ കെ.ടി. ഷനൂജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

മാഹിയിൽ നിന്ന് മദ്യം വാങ്ങി വേങ്ങര, കണ്ണമംഗലം മേഖലകളിൽ എത്തിച്ചുനൽകുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഫിർദൗസ് എന്ന് എക്സൈസ് അറിയിച്ചു. സമാന കേസിൽ ഒരാഴ്ച മുമ്പ് പിടിയിലായ പ്രതിയുടെ സഹോദരനാണ് ഇയാളെന്നും അധികൃതർ വ്യക്തമാക്കി.

പ്രതിയെ പരപ്പനങ്ങാടി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം തിരൂർ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.

റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ രാകേഷ്, രഞ്ജിത്ത്, ജയകൃഷ്ണൻ എന്നിവരും വനിതാ സിവിൽ എക്സൈസ് ഓഫീസർ മായാദേവിയും പങ്കെടുത്തു.

Recent

Load More