മലപ്പുറം എഫ്‌സിയുടെ മുഖ്യ പരിശീലകനായി മൊറോക്കകാരൻ കരീം ബെഞ്ചെറിഫയെ സൈൻ ചെയ്തു

July 27, 2026 - By MalappuramMedia


മലപ്പുറം : സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണില്‍ കിരീടം മാത്രം ലക്ഷ്യമിട്ടിറങ്ങുന്ന മലപ്പുറം എഫ്‌സി അവരുടെ പുതിയ മുഖ്യ പരിശീലകനെ പ്രഖ്യാപിച്ചു.

മലപ്പുറം ഫുട്ബോള്‍ ക്ലബിന്റെ സാമൂഹ്യ മാധ്യങ്ങളിലൂടെയാണ് പരിശീലകനെ ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഇന്ത്യൻ ഫുട്ബോള്‍ ചരിത്രത്തിലെ മികച്ച വിദേശ പരിശീലകരില്‍ ഒരാളും മുൻ മോഹൻ ബഗാൻ ഹെഡ് കോച്ചുമായിരുന്ന മൊറോക്കകാരൻ കരീം ബെഞ്ചെറിഫയെയാണ് ക്ലബ്ബിന്റെ മുഖ്യ പരിശീലകനായി പ്രഖ്യാപിച്ചത്. ഇന്ത്യൻ സാഹചര്യങ്ങളെയും ആരാധകരുടെ വികാരങ്ങളെയും അടുത്തറിയാവുന്ന ബെഞ്ചെറിഫയുടെ വരവ് മലപ്പുറത്തിന്റെ പോരാട്ടവീര്യത്തിന് പുതിയ മുതല്‍ക്കൂട്ടാകും.

ഇന്ത്യൻ ഫുട്ബോളില്‍ ഏഴര വർഷത്തോളം നീണ്ട പരിചയസമ്പത്തുള്ള പരിശീലകനാണ് കരീം ബെഞ്ചെറിഫ. മോഹൻ ബഗാൻ, ചർച്ചില്‍ ബ്രദേഴ്സ്, സാല്‍ഗോക്കർ എഫ്‌സി, പൂനെ എഫ്‌സി തുടങ്ങിയ പ്രമുഖ ഐ-ലീഗ് ക്ലബ്ബുകളെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.

2010-11 സീസണില്‍ സാല്‍ഗോക്കറിനെ ഐ-ലീഗിലും ഫെഡറേഷൻ കപ്പിലും ചാംപ്യന്മാരാക്കിയ അദ്ദേഹം മോഹൻ ബഗാനൊപ്പം 2008ല്‍ ഫെഡറേഷൻ കപ്പും നേടിയിട്ടുണ്ട്. കൂടാതെ ഇന്ത്യയിലെ മികച്ച പരിശീലകനുള്ള ‘ഐ-ലീഗ് കോച്ച്‌ ഓഫ് ദി ഇയർ’ പുരസ്കാരവും 2011ല്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര തലത്തിലും മികച്ച റെക്കോർഡുള്ള ബെഞ്ചെറിഫ മൊറോക്കോ അണ്ടർ-20 ദേശീയ ടീം, സിംഗപ്പൂർ വനിതാ ദേശീയ ടീം എന്നിവയുടെയും മുഖ്യ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. ഏഷ്യൻ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ ഏറ്റവും ഉയർന്ന പരിശീലന യോഗ്യതയായ AFC പ്രോ ലൈസൻസ് ഉടമ കൂടിയാണ് അദ്ദേഹം. വരാനിരിക്കുന്ന സൂപ്പർ ലീഗ് കേരള സീസണിനായുള്ള മലപ്പുറം എഫ്സിയുടെ പ്രീ-സീസണ്‍ ക്യാംപ് പുതിയ പരിശീലകന്റെ കീഴില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ ഓഗസ്റ്റ് രണ്ടാം വാരത്തോടെ ആരംഭിക്കും.

Category: SPORTS MEDIA

Recent

Load More