പുലാമന്തോളിൽ 112 ഗ്രാം എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

July 11, 2026 - By MalappuramMedia

 

പെരിന്തൽമണ്ണ: എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ തണ്ടർ’ നടപടികളുടെ ഭാഗമായി പുലാമന്തോൾ കുരുവമ്പലം മേഖലയിൽ നടത്തിയ പരിശോധനയിൽ 112 ഗ്രാം എംഡിഎംഎയും ആറ് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. സംഭവത്തിൽ കോരങ്ങാട് ആലിക്കാപറമ്പിൽ അഫ്സൽ ഉബൈദ് (29) അറസ്റ്റിലായി.
പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് നിരോധിത ലഹരിവസ്തുക്കൾ കണ്ടെത്തിയത്. പെരിന്തൽമണ്ണ എക്സൈസ് റേഞ്ചും മലപ്പുറം എക്സൈസ് ഇന്റലിജൻസ് വിഭാഗവും സംയുക്തമായാണ് പരിശോധന നടത്തിയത്. പെരിന്തൽമണ്ണ എക്സൈസ് ഇൻസ്പെക്ടർ എം. യൂനസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
അഫ്സൽ ഉബൈദിനെതിരെ പെരിന്തൽമണ്ണ എക്സൈസിലും കൊളത്തൂർ, പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനുകളിലും മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട കേസുകൾ നിലവിലുണ്ടെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
കാപ്പ നിയമപ്രകാരം മുമ്പ് ജയിലിൽ കഴിഞ്ഞിരുന്ന പ്രതി, പുറത്തിറങ്ങിയ ശേഷവും മയക്കുമരുന്ന് വിൽപ്പന തുടരുന്നതിനിടെയാണ് വീണ്ടും പിടിയിലായതെന്നും അധികൃതർ വ്യക്തമാക്കി.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഡി. ഷിബു, ഇന്റലിജൻസ് വിഭാഗം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ. രാമൻകുട്ടി, പ്രിവന്റീവ് ഓഫീസർ അബ്ദുൽ റഫീഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം. സുനിൽ കുമാർ, അബ്ദുൽ ജലീൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീവിദ്യ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Recent

Load More