കനോലി പ്ലോട്ടിനെ സാംസ്‌കാരിക കേന്ദ്രമാക്കും: ആര്യാടൻ ഷൗക്കത്ത്

August 29, 2026 - By North Malappuram



നിലമ്പൂർ: നിലമ്പൂരിന്റെ പൈതൃകവും സാംസ്‌കാരിക പാരമ്പര്യവും വിളിച്ചോതുന്ന സാംസ്‌കാരിക കേന്ദ്രമായി കനോലി പ്ലോട്ടിനെ വികസിപ്പിക്കുമെന്ന് ആര്യാടൻ ഷൗക്കത്ത് എം.എൽ.എ. പറഞ്ഞു. ഇതിനായി 120 കോടി രൂപയുടെ സമഗ്ര വികസന പദ്ധതി സർക്കാരിന് സമർപ്പിച്ചതായും അദ്ദേഹം അറിയിച്ചു.

മെന്റൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റ് കോഴിക്കോടും നിറം നിലമ്പൂരും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന ചിത്ര-ശിൽപ പ്രദർശനം കനോലി പ്ലോട്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുഴയോര പാർക്ക്, ഡോർമിറ്ററി, വായനശാല, സ്കൈവാക്ക്, ട്രൈബൽ മ്യൂസിയം, കഫ്റ്റീരിയ തുടങ്ങി വിവിധ സൗകര്യങ്ങൾ ഉൾപ്പെടുത്തി വിശാലമായ വികസന പദ്ധതിയാണ് നടപ്പാക്കാൻ ലക്ഷ്യമിടുന്നതെന്നും എം.എൽ.എ. പറഞ്ഞു.

നിറം നിലമ്പൂർ പ്രസിഡന്റ് പട്ടിക്കാടൻ ഷാനവാസ് അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ പദ്‌മിനി ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ മേരീസ് ഷിബു, സ്മിതാമോൾ, കൗൺസിലർമാരായ ഹാജിറ ഫിറോസ്, റജീന നൗഷാദ് അലി, മജീഷ്യൻ ആർ.കെ. മലയത്ത്, നിറം ഭാരവാഹികളായ ഹരിദാസ് കുട്ടത്തി, മുരളി, ഷാജി നന്നമ്പ്ര, പ്രദീപ്‌കുമാർ എന്നിവർ പ്രസംഗിച്ചു.

എം.ആർ. രവി, എസ്.ടി. സുകു, വിജയൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ചിത്രങ്ങളും ശിൽപങ്ങളും ഉൾക്കൊള്ളുന്ന കലാപ്രദർശനവും വിൽപ്പനയും രണ്ട് ദിവസങ്ങളിലായി നടക്കും.

Recent

Load More