വൃത്തിഹീനമായി കരുവാരക്കുണ്ട് ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ്

August 29, 2026 - By North Malappuram


കരുവാരക്കുണ്ട്: പഞ്ചായത്തിന്റെ അധീനതയിലുള്ള കിഴക്കേത്തല ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിൽ മാലിന്യക്കൂമ്പാരം നിറയുന്നതായി പരാതി. പത്തോളം കടമുറികളുള്ള ഒറ്റനില കെട്ടിടത്തിന്റെ ടെറസിലും പരിസര പ്രദേശങ്ങളിലും മാലിന്യങ്ങൾ കുന്നുകൂടുകയും കാടുമൂടുകയും ചെയ്തിരിക്കുകയാണ്.

കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടിയതോടെ കെട്ടിടത്തിന്റെ സുരക്ഷിതത്വം പോലും ആശങ്കയിലായതായി നാട്ടുകാർ പറയുന്നു. കെട്ടിടത്തിന്റെ പരിപാലനത്തിൽ മുൻ ഭരണസമിതി കാര്യമായ ശ്രദ്ധ ചെലുത്തിയിരുന്നില്ലെന്നും നിലവിൽ മാലിന്യം തള്ളാനുള്ള കേന്ദ്രമായി കെട്ടിടം മാറിയിരിക്കുകയാണെന്നും ആരോപണമുണ്ട്.

ടെറസിൽ വളർന്ന കാടുകൾ കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടർന്നിട്ടുണ്ട്. മുകളിലേക്കുള്ള ഗോവണിപ്പടികളിൽ മദ്യക്കുപ്പികൾ, ഉപയോഗിച്ച സിറിഞ്ചുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. ബാർബർ ഷോപ്പുകളിൽ നിന്ന് ഉപേക്ഷിക്കുന്ന മുടിയുടെ കൂമ്പാരവും ഇവിടെ നിക്ഷേപിക്കുന്നതായി നാട്ടുകാർ ആരോപിച്ചു.

മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ദുർഗന്ധത്തിനും കൊതുക് വളർച്ചയ്ക്കും വിവിധ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നതായും പരാതിയുണ്ട്. ടെറസിലും ഗോവണിപ്പടികളിലും കൃത്യമായ ശുചീകരണവും അറ്റകുറ്റപ്പണികളും നടക്കാത്തതാണ് സ്ഥിതി കൂടുതൽ ഗുരുതരമാക്കിയതെന്നും നാട്ടുകാർ പറയുന്നു.

വർഷങ്ങളായി പഞ്ചായത്തിന്റെ അധീനതയിലുള്ള പ്രധാന വാണിജ്യകേന്ദ്രമായ ഷോപ്പിങ് കോംപ്ലക്സിന്റെ പരിപാലനം അടിയന്തരമായി ഉറപ്പാക്കണമെന്ന് ആർ.ജെ.ഡി. ജില്ലാ സെക്രട്ടറി ഒ.പി. ഇസ്മായിൽ ആവശ്യപ്പെട്ടു. കാടും മാലിന്യങ്ങളും ഉടൻ നീക്കം ചെയ്ത് കെട്ടിടത്തിന്റെ സുരക്ഷ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. അധികൃതർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ കെട്ടിടം കൂടുതൽ നാശത്തിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Category: വണ്ടൂർ

Recent

Load More