സെക്കൻഡ് ഹാൻഡ് കാർ കച്ചവടം ‘മറ’; വേങ്ങരയിൽ എംഡിഎംഎ സംഘത്തിലെ പ്രധാനി അറസ്റ്റിൽ
വേങ്ങര:സെക്കൻഡ് ഹാൻഡ് കാർ വിൽപ്പനയുടെ മറവിൽ രാസലഹരി വ്യാപാരം നടത്തിവന്ന സംഘത്തിലെ പ്രധാനി വേങ്ങരയിൽ പൊലീസിന്റെ പിടിയിലായി. 101.57 ഗ്രാം എംഡിഎംഎയും ലഹരിവിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 3.60 ലക്ഷം രൂപയും ഇയാളിൽനിന്ന് പിടിച്ചെടുത്തു. മലപ്പുറം, കോട്ടക്കൽ, വേങ്ങര, കൂരിയാട്, ഇരിങ്ങല്ലൂർ മേഖലകൾ കേന്ദ്രീകരിച്ച് വ്യാപകമായി ലഹരിവിൽപ്പന നടത്തിയിരുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് ദിൽരാജെന്ന് പൊലീസ് പറഞ്ഞു.പഴയ കാറുകളുടെ വിൽപ്പന മറയാക്കിയായിരുന്നു ഇയാളുടെ ലഹരിക്കച്ചവടമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വെള്ളിയാഴ്ച പുലർച്ചെ പ്രത്യേക പരിശോധനയിലൂടെയാണ് ഇയാളെ പിടികൂടിയത്.
ഒരാഴ്ച മുമ്പ് വള്ളുവമ്പ്രം ചീനിക്കലിൽനിന്ന് ദിൽരാജിന്റെ അമ്മാവൻ മനോജിനെയും സംഘത്തെയും 357 ഗ്രാം എംഡിഎംഎയുമായി മലപ്പുറം ഡാൻസാഫ് സംഘം പിടികൂടിയിരുന്നു. ഈ കേസിലെ തുടരന്വേഷണമാണ് ദിൽരാജിലേക്ക് എത്തിച്ചത്. സംഘത്തിന്റെ ലഹരി ഇടപാടുകളെക്കുറിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ലഹരിവിൽപ്പനയുമായി ബന്ധപ്പെട്ട കേസിൽ ദിൽരാജ് നേരത്തേ വിദേശത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിശൃംഖലയിലെ കൂടുതൽ കണ്ണികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.
മലപ്പുറം ഡിവൈഎസ്പി അനിൽ, നർക്കോട്ടിക് സെൽ ഡിവൈഎസ്പി സുനിൽകുമാർ എന്നിവരുടെ നിർദേശപ്രകാരം വേങ്ങര എസ്എച്ച്ഒ മൻസൂറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എസ്ഐ രഞ്ജിത്ത്, എഎസ്ഐ സംഗീത, സിപിഒ സനൽ, ഡാൻസാഫ് അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ, പി. മുഹമ്മദ് സലീം, കെ.കെ. ജസീർ, വി.പി. ബിജു, ആർ. രഞ്ജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
