തളി മഹാദേവ ക്ഷേത്രത്തിൽ ആരാധനാസ്വാതന്ത്ര്യദിനാഘോഷം; സർവൈശ്വര്യപൂജയിൽ 500-ലേറെ ഭക്തർ

November 26, 2026 - By Malapuram

അങ്ങാടിപ്പുറം:തളി മഹാദേവ ക്ഷേത്രത്തിൽ 58-ാമത് ആരാധനാസ്വാതന്ത്ര്യദിനം ആഘോഷിച്ചു. ക്ഷേത്രാചാരങ്ങളും അനുസ്മരണച്ചടങ്ങുകളും സമന്വയിപ്പിച്ചായിരുന്നു വാർഷികാഘോഷം. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ നടന്ന സർവൈശ്വര്യപൂജയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി 500-ലേറെ ഭക്തർ പങ്കെടുത്തു.
തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ തിരുമാന്ധാംകുന്ന് ഭഗവതിക്ക് തളി ക്ഷേത്രത്തിൽ പത്മമിട്ട് പ്രത്യേക പൂജ നടത്തി. തുടർന്ന് തളി ക്ഷേത്രത്തിൽനിന്ന് തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലേക്ക് നടന്ന ഘോഷയാത്രയിൽ നൂറുകണക്കിന് ഭക്തർ അണിനിരന്നു.
തളി ക്ഷേത്രഭരണസമിതി പ്രസിഡന്റ് എൻ.എം. കടമ്പൻ നമ്പൂതിരിപ്പാട്, തിരുമാന്ധാംകുന്ന് ദേവസ്വം ട്രസ്റ്റി പ്രതിനിധി എ.സി. ഹരീഷ് രാജ എന്നിവർ ദീപം തെളിച്ചതോടെയാണ് സർവൈശ്വര്യപൂജ തുടങ്ങിയത്. ലളിതാസഹസ്രനാമജപത്തോടെയായിരുന്നു പൂജ.
തളി നാരായണാലയത്തിൽ അനുസ്മരണസമ്മേളനവും നടന്നു. കേരള ക്ഷേത്രസംരക്ഷണ സമിതി മുൻ സംഘടനാ കാര്യദർശി വി.കെ. വിശ്വനാഥൻ ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നിർവഹിച്ചു. എൻ.എം. കടമ്പൻ നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സി.വി. സുബ്രഹ്മണ്യൻ, അംബിക അമ്മാൾ, കെ. പ്രമോദ്, തങ്കം രാമചന്ദ്രൻ, ക്ഷേത്രം സൂപ്രണ്ട് ടി.പി. സുധീഷ്, സമിതി സംസ്ഥാന മാതൃസമിതി വൈസ് പ്രസിഡന്റ് കെ. സൗമിനി, കെ. നാരായണൻകുട്ടി എന്നിവർ പ്രസംഗിച്ചു.

Recent

Load More