“മലപ്പുറത്തെ തിരഞ്ഞെടുപ്പിൽ നിഗൂഢത”; ഇവിഎം തിരിമറി വാഗ്ദാനവുമായി ഏജൻസി ലീഗ് നേതാക്കളെ കണ്ടെന്ന് കെ ടി ജലീൽ

November 24, 2026 - By MalappuramMedia

മലപ്പുറം: ജില്ലയിലെ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ ദുരൂഹതയുണ്ടെന്ന് മുൻ മന്ത്രിയും സി.പി.എം നേതാവുമായ കെ.ടി. ജലീൽ. വോട്ടിങ് യന്ത്രത്തിൽ കൃത്രിമം കാണിക്കാമെന്ന വാഗ്ദാനവുമായി എത്തിയ ഏജൻസി മുസ്‌ലിം ലീഗ് നേതാക്കളെ കണ്ടെന്നും ഇരുകൂട്ടരും തമ്മിൽ ഇടപാടുകൾ നടന്നെന്നുമാണ് ആരോപണം. ഓൺലൈൻ ചാനലായ ‘ന്യൂസ് കേരള മീഡിയ ഹൗസി’ന് നൽകിയ അഭിമുഖത്തിലായിരുന്നു ഗുരുതരമായ ഈ വെളിപ്പെടുത്തൽ.

ആരോപണത്തിന്റെ അടിസ്ഥാനമായി ജലീൽ ചൂണ്ടിക്കാട്ടുന്നത് മങ്കടയിലെ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന കുന്നത്ത് മുഹമ്മദിന്റെ വാക്കുകളാണ്. ലീഗിലായിരുന്ന കാലത്ത് മുഹമ്മദ് തന്നോട് പറഞ്ഞതെന്ന നിലയിലാണ് വിവരങ്ങൾ. 2021-ലെ നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പ് വേളയിൽ ഇ.വി.എം തിരിമറിക്ക് ലക്ഷങ്ങൾ ആവശ്യപ്പെട്ട് ഒരു ഏജൻസി എത്തിയെന്നും, അതിലെ ആളുകളെ ലീഗിലെ പ്രമുഖർക്ക് പരിചയപ്പെടുത്തിയത് മുഹമ്മദാണെന്നുമാണ് ജലീലിന്റെ അവകാശവാദം. പിന്നീടുള്ള ചർച്ചകളിൽ നിന്ന് മുഹമ്മദിനെ മാറ്റിനിർത്തിയെന്നും ജലീൽ പറയുന്നു.

ഫലത്തിലെ കണക്കുകളാണ് സംശയത്തിന് ആധാരമെന്നും അദ്ദേഹം വിശദീകരിച്ചു. “സി.പി.എമ്മുകാരല്ലാത്ത ഒട്ടേറെ ലീഗ് വിരുദ്ധർ ഇവിടെയുണ്ട്. അവരുടെ വോട്ടുകൾ ഫലത്തിൽ കാണുന്നില്ല. മരിച്ചാലും അവർ ലീഗിന് വോട്ട് ചെയ്യില്ല. എന്നിട്ടും മുസ്‌ലിം ഏകീകരണമെന്ന പേരിൽ ഇത് ന്യായീകരിക്കപ്പെടുന്നു,” ജലീൽ പറഞ്ഞു.

Recent

Load More