ചാലിയാറിൽ സ്വർണം അരിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപെട്ട് മരിച്ചു

November 27, 2026 - By MalappuramMedia



എടവണ്ണ: ചാലിയാറിൽ എടവണ്ണ സീതിഹാജി പാലത്തിനു സമീപം സ്വർണം അരിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപെട്ട് മരിച്ചു. വഴിക്കടവ് കുന്നുമ്മൽ പൊട്ടിയരിത്തോടി വീട്ടിൽ വി.എം. അജ്മൽ (26) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.

രണ്ടുമാസമായി എടവണ്ണയിൽ ജെ.സി.ബി. ഓപ്പറേറ്ററായി ജോലിചെയ്യുന്ന അജ്മൽ, എടവണ്ണ റേഷൻകടയുടെ മുകൾഭാഗത്താണ് താമസിച്ചിരുന്നത്. സീതിഹാജി പാലത്തിനു സമീപത്തെ കടവിൽ സുഹൃത്തിനൊപ്പം സ്വർണം അരിക്കാൻ ഇറങ്ങിയതായിരുന്നു. പുഴയ്ക്കു കുറുകെ നീന്തുന്നതിനിടെ ഒഴുക്കിൽപെട്ട് കാണാതാവുകയായിരുന്നു.

നിലമ്പൂർ, തിരുവാലി, മുക്കം എന്നിവിടങ്ങളിലെ അഗ്നിരക്ഷാ യൂണിറ്റുകളും മലപ്പുറത്തുനിന്നുള്ള സ്കൂബ സംഘവും സന്നദ്ധപ്രവർത്തകരും ചേർന്ന് നടത്തിയ തിരച്ചിലിൽ ഉച്ചയ്ക്ക് ഒന്നോടെയാണ് മൃതദേഹം കണ്ടെത്തിയത്. എടവണ്ണ പൊലീസ്, വില്ലേജ് ഓഫീസർ, ഏറനാട് ഡെപ്യൂട്ടി തഹസിൽദാർ, എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തിരച്ചിലിന് നേതൃത്വം നൽകി.

Recent

Load More