വിനോദയാത്രയ്ക്കിടെ മന്തി കഴിച്ച തിരൂർ സ്വദേശികളായ 37 പേർക്ക് ഭക്ഷ്യവിഷബാധ
തിരൂർ: വിനോദയാത്രയ്ക്കെത്തിയ തിരൂർ സ്വദേശികളായ വിദ്യാർഥികൾ ഉൾപ്പെടെ 37 പേർക്ക് കട്ടപ്പനയിലെ ഹോട്ടലിൽനിന്ന് മന്തി കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഞായറാഴ്ച രാത്രി 11.30-ന് കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാതയിൽ സിവിൽ സ്റ്റേഷന് സമീപമുള്ള ഹോട്ടലിൽനിന്നാണ് സംഘം ഭക്ഷണം കഴിച്ചത്. ഭക്ഷണം കഴിച്ച ഉടൻ വയറുവേദനയും ഛർദിയും അനുഭവപ്പെട്ടു. അവശനിലയിലായ 37 പേരെയും കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 35 പേർ ഇവിടെ ചികിത്സയിൽ തുടരുന്നു.
വിവരമറിഞ്ഞ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടലിൽ പരിശോധന ആരംഭിച്ചു. ഭക്ഷണ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുമെന്നാണ് സൂചന. വിഷബാധയുടെ കാരണം സ്ഥിരീകരിക്കാൻ ഫലം വരുന്നതുവരെ കാത്തിരിക്കണം.
