അമരമ്പലത്ത് അനധികൃത മണ്ണുഖനനം  മൂന്ന് വാഹനങ്ങൾ കസ്റ്റഡിയിൽ

November 17, 2026 - By North Malappuram

നിലമ്പൂർ: അനധികൃതമായി മണ്ണും കല്ലും ഖനനം ചെയ്യാൻ ഉപയോഗിച്ച മൂന്ന് വാഹനങ്ങൾ റവന്യൂ വകുപ്പ് പിടിച്ചെടുത്തു. തഹസിൽദാർ എം.പി. സിന്ധുവിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് നടപടി.

അമരമ്പലം വില്ലേജ് പരിധിയിൽ ചെങ്കൽ ഖനനം ഉൾപ്പെടെ അനധികൃത പ്രവർത്തനങ്ങൾ നടക്കുന്നതായി വിവരം ലഭിച്ചിരുന്നു. തുടർന്നായിരുന്നു പരിശോധന. പാറക്കപ്പാടം, നല്ലതണ്ണി ഭാഗങ്ങളിൽ ഖനനം നടന്നിരുന്ന സ്ഥലങ്ങളിൽ നിന്നാണ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്.

ഡെപ്യൂട്ടി തഹസിൽദാർമാരായ കെ.പി. പ്രമോദ്, എം.സി. അരവിന്ദാക്ഷൻ, പി.ആർ. ബാബുരാജൻ, വി.ബി. ബിനു, റെനി വർഗീസ്, ഉമേഷ് ഭാസ്കരൻ, ലോറൻസ്, സൈജോ ജോസഫ്, യഹ്യ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

രണ്ടു ദിവസം മുൻപ് വണ്ടൂർ മേഖലയിൽ അനധികൃതമായി ചെങ്കല്ലും മണ്ണും ഖനനം ചെയ്ത് കടത്തുകയായിരുന്ന 18 ലോറികളും ഒരു മണ്ണുമാന്തി യന്ത്രവും  നിലമ്പൂർ ഡിവൈഎസ്പിയുടെ സ്ക്വാഡ് അംഗങ്ങളും പോലീസും ചേർന്ന് പിടികൂടിയിരുന്നു

Recent

Load More