തെന്നലയിൽ കേരളത്തിലെ ഏറ്റവും വലിയ ചുമരെഴുത്ത്; 120 മീറ്റർ നീളത്തിൽ സമസ്ത സെന്റിനറി പ്രചാരണം
തിരൂരങ്ങാടി: സമസ്ത സെന്റിനറി കോൺഫറൻസിന്റെ പ്രചാരണാർഥം തെന്നല തുറക്കലിൽ 3,200 ചതുരശ്ര അടി വിസ്തൃതിയിലും 120 മീറ്റർ നീളത്തിലുമായി ചുമരെഴുത്ത് നിർമിച്ചു. ഇത് കേരളത്തിലെ ഏറ്റവും വലിയ ചുമരെഴുത്താണെന്ന് സംഘാടകർ അറിയിച്ചു.
സമസ്ത കേന്ദ്ര മുശാവറ അംഗം അബൂ ഹനീഫൽ ഫൈസി തെന്നല പതാക ഉയർത്തി സാംസ്കാരികോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ്. വെസ്റ്റ് ജില്ലാ പ്രസിഡന്റ് മജീദ് അഹ്സനി ചെങ്ങാനി, എസ്.എസ്.എഫ്. വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജഫർ ഇർഫാനി, മുസ്ലിം ജമാഅത്ത് സെക്രട്ടറി ബഷീർ മാസ്റ്റർ, പി.കെ.എം. സഖാഫി എന്നിവർ സംബന്ധിച്ചു.
തുടർന്ന് നടന്ന ‘ഗ്രാമവെളിച്ചം’ സെഷനിൽ തെന്നലയുടെ ആത്മീയ, സാമൂഹിക, സാംസ്കാരിക വളർച്ചയ്ക്ക് അടിത്തറയിട്ട പഴയകാല മഹാന്മാരെ അനുസ്മരിച്ചു. ഖാസിം മുസ്ലിയാർ, ഹുസൈൻ സഖാഫി, ഇബ്രാഹീം ഖാസിമി, മാജിദ് അദനി എന്നിവർ സംസാരിച്ചു. കവിയരങ്ങും ‘ദേശസ്മൃതി’ ചർച്ചയും നടന്നു. പരിസരവാസികൾ തയ്യാറാക്കിയ നാടൻ പലഹാരങ്ങൾ വിളമ്പിയ ‘നാട്ടുമധുരം’ ചായസൽക്കാരവും സംഗമത്തിന്റെ ഭാഗമായിരുന്നു.
നൂറോളം വളന്റിയർമാരുടെ ഏകോപനത്തിലാണ് ചുമരെഴുത്ത് പൂർത്തിയാക്കിയത്. മദദ് തേടി, വരയുടെ വർത്തമാനം, പ്രഭാത പ്രഭ, പ്രകാശ കാലത്തെ പ്രവാസം തുടങ്ങിയ പരിപാടികളുടെ തുടർച്ചയായാണ് സംഗമം നടന്നത്.
