സ്ത്രീസുരക്ഷയ്ക്കും സ്വാശ്രയത്വത്തിനും ‘നയീ ചേതന 5.0’; മലപ്പുറത്ത് കുടുംബശ്രീ ക്യാമ്പയിന് തുടക്കം
മലപ്പുറം: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും ലിംഗവിവേചനത്തിനുമെതിരെ അവബോധം വളർത്തി, സ്ത്രീസുരക്ഷയും സമത്വവും സാമ്പത്തിക സ്വാശ്രയത്വവും ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന കുടുംബശ്രീയുടെ ‘നയീ ചേതന 5.0’ ജില്ലാതല ക്യാമ്പയിന് മലപ്പുറത്ത് തുടക്കമായി. ഡിസംബർ 23 വരെയാണ് ക്യാമ്പയിൻ.
ജില്ലാതല പോസ്റ്റർ പ്രകാശനം ഇ.ടി. മുഹമ്മദ് ബഷീർ എം.പി. നിർവഹിച്ചു. മലപ്പുറം ഡി.ടി.പി.സി. ഹാളിൽ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി നിർവഹിച്ചു. ജില്ലയിലുടനീളം സ്ഥാപിക്കുന്ന സെൽഫി പോയിന്റുകളുടെ ഉദ്ഘാടനം പി.കെ. നവാസ് എം.എൽ.എ. നിർവഹിച്ചു. ചടങ്ങിൽ മികച്ച സംരംഭകരെ ആദരിച്ചു. ജില്ലയിലെ സി.ഡി.എസ്. ചെയർപേഴ്സൺമാർ, മെമ്പർ സെക്രട്ടറിമാർ, കുടുംബശ്രീ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
സ്ത്രീകളുടെ തൊഴിലവസരങ്ങൾ, സാമ്പത്തിക സ്വാതന്ത്ര്യം, സ്വത്തവകാശം, സുരക്ഷിതമായ സഞ്ചാരം, തീരുമാനമെടുക്കുന്നതിലെ പങ്കാളിത്തം എന്നിവ ഉറപ്പാക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം. സ്ത്രീകളുടെ അവകാശങ്ങൾ, ലിംഗസമത്വം, നിയമസംരക്ഷണം, സർക്കാർ പദ്ധതികൾ എന്നിവയെക്കുറിച്ചുള്ള ബോധവത്കരണ പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടപ്പാക്കും.
‘വികസിത ഭാരതത്തിനായി ഉപജീവനമാർഗങ്ങളിലൂടെയും തുല്യ അവസരങ്ങളിലൂടെയും സ്ത്രീശാക്തീകരണം’ എന്ന ആശയത്തെ അടിസ്ഥാനമാക്കി നാല് ആഴ്ചകളിലായി വ്യത്യസ്ത പ്രമേയങ്ങളിലാണ് ക്യാമ്പയിൻ. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, എ.ഡി.എസ്., സി.ഡി.എസ്., ജെൻഡർ റിസോഴ്സ് സെന്ററുകൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ. ജില്ലയിലെ വിവിധ സി.ഡി.എസുകളിലും ക്യാമ്പയിൻ ഉദ്ഘാടനം, പോസ്റ്റർ പ്രകാശനം, റാലി, സംരംഭകരെ ആദരിക്കൽ തുടങ്ങിയ പരിപാടികൾ നടന്നു.
