വാഹന നികുതി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ: ഡിസംബർ 2-ന് മലപ്പുറത്ത് അദാലത്ത്

November 28, 2026 - By MalappuramMedia

മലപ്പുറം: മോട്ടോർ വാഹന വകുപ്പും റവന്യൂ വകുപ്പും സംയുക്തമായി നടത്തുന്ന മോട്ടോർ വാഹന നികുതി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് ഡിസംബർ രണ്ടിന് രാവിലെ 10 മുതൽ വൈകിട്ട് മൂന്നുവരെ മലപ്പുറം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ നടക്കും. നാലു വർഷമോ അതിൽ കൂടുതലോ കാലയളവിൽ നികുതി കുടിശ്ശിക വരുത്തിയിട്ടുള്ള എല്ലാ വാഹന ഉടമകൾക്കും അദാലത്തിൽ പങ്കെടുക്കാം.

നാലു വർഷത്തിൽ കൂടുതൽ എത്ര കുടിശ്ശികയുണ്ടെങ്കിലും അവസാനത്തെ നാലു വർഷത്തെ (2022 ഏപ്രിൽ ഒന്നു മുതൽ 2026 മാർച്ച് 31 വരെ) നികുതിയും അധിക നികുതിയും പലിശയും ഉൾപ്പെടെയുള്ള ആകെ തുകയുടെ 30 ശതമാനം മാത്രം അടച്ച് ട്രാൻസ്പോർട്ട് വാഹനങ്ങൾക്കും 40 ശതമാനം മാത്രം അടച്ച് നോൺ-ട്രാൻസ്പോർട്ട് വാഹനങ്ങൾക്കും നികുതി കുടിശ്ശിക തീർപ്പാക്കാം.

നിലവിലെ സ്ഥിതി അജ്ഞാതമായതോ വിവരം ലഭ്യമല്ലാത്ത വാഹനങ്ങൾ, പൊളിച്ചുനീക്കിയതോ മോഷണം പോയതോ ആയ വാഹനങ്ങൾ എന്നിവയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തി തീർപ്പാക്കാം. അർഹരായ എല്ലാ വാഹന ഉടമകളും അവസരം പ്രയോജനപ്പെടുത്തണമെന്ന് മലപ്പുറം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

Recent

Load More