ശുചീകരിച്ച സ്ഥലത്ത് വീണ്ടും മാലിന്യംതള്ളി;ആളെക്കൊണ്ടുതന്നെ തിരിച്ചെടുപ്പിച്ച് വേങ്ങര പഞ്ചായത്ത്
വേങ്ങര: ശുചീകരിച്ച് കർശന മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച സ്ഥലത്ത് വീണ്ടും മാലിന്യം തള്ളിയ സംഭവത്തിൽ നടപടി സ്വീകരിച്ച് വേങ്ങര ഗ്രാമപ്പഞ്ചായത്ത്. മാലിന്യം തള്ളിയ ആളെ സി.സി.ടി.വി. നിരീക്ഷണത്തിലൂടെ കണ്ടെത്തി, അയാളെക്കൊണ്ടുതന്നെ മാലിന്യം തിരിച്ചെടുപ്പിച്ചു.
വേങ്ങര ഗ്രാമപ്പഞ്ചായത്തിലെ കൊളപ്പുറത്തിനും കൂരിയാടിനുമിടയിൽ ദേശീയപാത സർവീസ് റോഡരികിലാണ് സംഭവം. ഇവിടെ സ്ഥിരമായി മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ‘നിർമ്മലം പുതുയുഗ ശുചിത്വകേരളം’ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞദിവസം പഞ്ചായത്ത് ശുചീകരണ പ്രവർത്തനം നടത്തിയിരുന്നു. നിരോധിത പ്ലാസ്റ്റിക്, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവയുൾപ്പെടെ 700 കിലോഗ്രാമോളം മാലിന്യമാണ് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നീക്കം ചെയ്തത്. മാലിന്യം നിക്ഷേപിക്കരുതെന്ന കർശന മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിരുന്നു.
എന്നാൽ ശുചീകരണത്തിന് പിന്നാലെ വീണ്ടും ഇവിടെ മാലിന്യം തള്ളുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട പരിസരവാസിയായ വീട്ടമ്മ വിവരം അറിയിച്ചതോടെ പഞ്ചായത്ത് അധികൃതരും പോലീസും സ്ഥലത്തെത്തി.
സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് മാലിന്യം തള്ളിയ ആളെ കണ്ടെത്തിയതോടെയാണ് അയാളെക്കൊണ്ടുതന്നെ മാലിന്യം തിരിച്ചെടുപ്പിച്ചത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അബ്ദുൽ നാസർ, വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ, വാർഡംഗം ഒ.കെ. വേലായുധൻ എന്നിവരും വേങ്ങര പോലീസും സ്ഥലത്തെത്തിയിരുന്നു.
