നായാടംപൊയിൽ കുരിശുമല ഇനി ഇക്കോ ടൂറിസ്റ്റ് കേന്ദ്രം

October 29, 2026 - By North Malappuram



നിലമ്പൂർ: ചാലിയാർ പഞ്ചായത്തിലെ നായാടംപൊയിൽ കുരിശുമല ഇനി വനംവകുപ്പിന്റെ കീഴിൽ പ്രധാന ഇക്കോ ടൂറിസ്റ്റ് കേന്ദ്രമാകും. വിനോദസഞ്ചാരികൾക്ക് കുരിശുമലയിലേക്കും പഴശ്ശിരാജ ഗുഹയിലേക്കും എത്താൻ കോഴിപ്പാറ വനസംരക്ഷണ സമിതി കൂടുതൽ അവസരങ്ങൾ ഒരുക്കും.

ഞായറാഴ്ച വാളംതോട്ടിൽ ചേർന്ന കോഴിപ്പാറ വനസംരക്ഷണ സമിതിയുടെ (വി.എസ്.എസ്.) വാർഷിക പൊതുയോഗത്തിലാണ് തീരുമാനം. ഇക്കോ ടൂറിസം പോയിന്റുകളിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം.

സമുദ്രനിരപ്പിൽനിന്ന് 2500 അടിയിലേറെ ഉയരത്തിലുള്ള കുരിശുമല ജില്ലയിലെ ഏറ്റവും ആകർഷണീയമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ്. അതിനാൽ വി.എസ്.എസിന്റെ നേതൃത്വത്തിൽ ഇവിടേക്ക് സമൂഹകവിരുദ്ധർ കടന്നുകയറുന്നത് തടയാനാകും. നിലവിൽ ട്രക്കിങ് സൗകര്യമുണ്ട്. പഞ്ചായത്തിന്റെ റോഡ് ഉള്ളതിനാൽ സഞ്ചാരികൾക്ക് വി.എസ്.എസിന്റെ അനുമതിയുള്ള ജീപ്പുകളിൽ ഇവിടേക്ക് എത്താം. റോഡുമാർഗം എത്താനുള്ള സംവിധാനം കൂടുതൽ കാര്യക്ഷമമാക്കും.

പഴശ്ശിരാജ ഒളിവിൽ താമസിച്ചിരുന്നു എന്ന് കരുതുന്ന നായാടംപൊയിലെ പഴശ്ശിരാജ ഗുഹയിലേക്കും നിലവിൽ ട്രക്കിങ് സൗകര്യമുണ്ട്. 14 വർഷം മുൻപ് നിലവിൽവന്ന കോഴിപ്പാറ വനസംരക്ഷണ സമിതിയിൽ നിലവിൽ ഒൻപത് താത്കാലിക ജീവനക്കാരാണുള്ളത്. കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്നതോടെ കൂടുതൽ പ്രദേശവാസികൾക്ക് ജോലിയും ലഭിക്കും.

മേഖലയിലെ ഫോർവീൽ ടാക്സി ജീപ്പുകൾ വി.എസ്.എസിന്റെ അനുമതിയോടെ സർവീസ് നടത്തും. ഊട്ടിക്കും കൊടൈക്കനാലിനും മൂന്നാറിനും സമാനമായ കാലാവസ്ഥയുള്ള ഈ മേഖലയിൽ കൂടുതൽ സൗകര്യമൊരുക്കി വിനോദസഞ്ചാരികളെ ആകർഷിക്കാനാണ് വി.എസ്.എസ്. ഒരുങ്ങുന്നത്.

എടവണ്ണ റെയ്ഞ്ച് ഓഫീസർ ഷംനാസ്, ചാലിയാർ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ അനീഷ് അഗസ്റ്റിൻ, അകമ്പാടം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ അഭിലാഷ് എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം.

പുതിയ ഭാരവാഹികൾ: നോബിം കിഴക്കേക്കാട്ട് (പ്രസി.), സുനിതാകൃഷ്ണൻ (വൈസ് പ്രസി.), ബി.എഫ്.ഒ. ആനന്ദ് (സെക്ര.).

Recent

Load More