ശബരിമല തീർത്ഥാടനം: കുറ്റിപ്പുറം മിനി പമ്പയിൽ കൂടുതൽ സൗകര്യങ്ങൾ; അവലോകന യോഗം ചേർന്നു
മലപ്പുറം:ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് കുറ്റിപ്പുറം മിനി പമ്പയിലെത്തുന്ന അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കാൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ അവലോകന യോഗത്തിൽ തീരുമാനമായി. തവനൂർ എം.എൽ.എ അഡ്വ. വി.എസ്. ജോയിയുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേംബറിലാണ് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നത്.
നിലവിലെ ടോയ്‌ലറ്റ് സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം, തിരക്ക് കണക്കിലെടുത്ത് താത്കാലിക മൊബൈൽ ടോയ്‌ലറ്റ് യൂണിറ്റുകളും മൊബൈൽ സംസ്കരണ യൂണിറ്റും സ്ഥാപിക്കും. ശുചിത്വവും പരിസര പരിപാലനവും ഉറപ്പാക്കാനും നടപടി സ്വീകരിക്കും.
തീർത്ഥാടകരുടെ സുരക്ഷയ്ക്കായി നിലവിലുള്ള പോലീസ് സംവിധാനം വിപുലപ്പെടുത്തും. തിരക്കേറിയ സമയങ്ങളിൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ച് ഗതാഗത, തിരക്ക് നിയന്ത്രണം കാര്യക്ഷമമാക്കും. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഫയർഫോഴ്സിന്റെ സേവനവും ലഭ്യമാക്കും.
കുടിവെള്ള വിതരണം, വൈദ്യസഹായം, ആംബുലൻസ്, വൈദ്യുതി, വെളിച്ചം, മാലിന്യ സംസ്കരണം, വാഹന പാർക്കിംഗ്, വഴികാട്ടി ബോർഡുകൾ തുടങ്ങിയ സൗകര്യങ്ങളും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സജ്ജമാക്കും.
സുരക്ഷിതവും സൗകര്യപ്രദവുമായ ഇടത്താവള അനുഭവം ഭക്തർക്ക് ഉറപ്പാക്കുന്നതിനായി എല്ലാ വകുപ്പുകളും ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. മുന്നൊരുക്കങ്ങൾ വിലയിരുത്തി തുടർനടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
തവനൂർ പഞ്ചായത്ത് പ്രസിഡന്റ് സി.വി. അബൂബക്കർ സിദ്ദീഖ്, സബ് കളക്ടർ അൻവർ സാദത്ത്, ഡി.വൈ.എസ്.പി, ഡി.ടി.പി.സി സെക്രട്ടറി, ശുചിത്വ മിഷൻ, ഫയർഫോഴ്സ് ഉൾപ്പെടെയുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
