“വാഹനത്തിന് പിഴയുണ്ട്” എന്ന സന്ദേശം ലിങ്കിൽ ക്ലിക്ക് ചെയ്ത പരപ്പനങ്ങാടി സ്വദേശിക്ക് പണം നഷ്ടമായി
പരപ്പനങ്ങാടി: വാഹനത്തിന് പിഴ അടയ്ക്കാനുണ്ടെന്ന വ്യാജ സന്ദേശത്തിലെ ലിങ്കിൽ കയറിയ പരപ്പനങ്ങാടി സ്വദേശിക്ക് 44,600 രൂപ നഷ്ടപ്പെട്ടതായി പരാതി. ഉള്ളണം സ്വദേശിയും മാതൃഭൂമി ഏജന്റുമായ കെ പി നിസാറിന്റെ ബാങ്ക് അക്കൗണ്ടിൽനിന്നാണ് രണ്ടുതവണയായി പണം നഷ്ടമായത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ലിങ്കിൽ ക്ലിക്ക് ചെയ്തതിനു പിന്നാലെ ഫോണിൽ അപ്ഡേഷൻ നടക്കുന്നതായി കാണിച്ചു. ഇതോടെ അരമണിക്കൂറോളം ഫോൺ ഉപയോഗിക്കാനായില്ല. പിന്നീട് ഗൂഗിൾ പേ വഴി പണം അയയ്ക്കാൻ ശ്രമിച്ചപ്പോഴാണ് അക്കൗണ്ടിൽനിന്ന് പണം പോയ വിവരം അറിയുന്നത്.
ഉടൻ സൈബർ സെല്ലിൽ പരാതി നൽകിയ നിസാറിന്റെ ആവശ്യപ്രകാരം ബാങ്ക് അക്കൗണ്ട് താത്കാലികമായി ബ്ലോക്ക് ചെയ്തു. ഫോൺ പേ വഴിയാണ് പണം നഷ്ടമായതെന്നും റിസർവ് ഗോൾഡ് പോലുള്ള ഇടപാടുകളിലൂടെയാണ് തുക പിൻവലിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.
