വണ്ടൂർ നടുവത്ത് കാർ അപകടം; 19കാരന് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
വണ്ടൂർ: നടുവത്ത് മൂച്ചിക്കലിൽ നിയന്ത്രണംവിട്ട കാർ റോഡരികിൽ സ്ഥാപിക്കാനായി വെച്ചിരുന്ന കുടിവെള്ള പൈപ്പിലിടിച്ചുണ്ടായ അപകടത്തിൽ 19കാരന് ദാരുണാന്ത്യം. വണ്ടൂർ മരക്കലംകുന്ന് കുമ്മാളി വീട്ടിൽ പ്രണവ് (19) ആണ് മരിച്ചത്. അപകടത്തിൽ കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 11.50ഓടെയായിരുന്നു അപകടം.
നാലുപേർ സഞ്ചരിച്ചിരുന്ന ടയോട്ട ഫോർച്യൂണർ കാർ നിയന്ത്രണംവിട്ട് റോഡരികിൽ നിർമാണത്തിനായി വെച്ചിരുന്ന കുടിവെള്ള പൈപ്പിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ വണ്ടൂർ നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരക്കലംകുന്ന് സ്വദേശി ആദിഷിനും വടപുറം പാലപ്പറമ്പ് സ്വദേശി അഭിജിത്തിനും ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മരക്കലംകുന്ന് സ്വദേശി അഖിലേഷ് വണ്ടൂർ നിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തിൽ മരിച്ച പ്രണവിന്റെ മൃതദേഹം തുടർനടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
