ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവം 14 മുതൽ മഞ്ചേരിയിൽ
മഞ്ചേരി: ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 14, 15, 16 തീയതികളിൽ മഞ്ചേരി ഹിൽടോപ്പ് കൺവൻഷൻ സെന്ററിൽ പുസ്തകോത്സവം നടക്കും. നൂറോളം പ്രസാധകർ പങ്കെടുക്കുന്ന മേളയിൽ ഗ്രന്ഥശാലകൾക്ക് പ്രത്യേക കിഴിവും ലഭിക്കും.
സാഹിത്യകാരൻ അശോകൻ ചരുവിൽ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. അഡ്വ. എം. റഹ്മത്തുള്ള എം.എൽ.എ മുഖ്യാതിഥിയാകും. മഞ്ചേരി നഗരസഭാ ചെയർപേഴ്സൺ വല്ലാഞ്ചിറ അബ്ദുൽ മജീദ് ആദ്യവിൽപന നിർവഹിക്കും.
വിവിധ മേഖലകളിലെ എഴുത്തുകാരുടെ പുസ്തകപ്രകാശനം, സാഹിത്യപ്രതിഭകളെ ആദരിക്കൽ, എസ്. ജാനകി കാവ്യാഞ്ജലി, നവഎഴുത്തുകാരുടെ കൂട്ടായ്മ, നാടൻപാട്ട്, മാധ്യമ സെമിനാർ, കവിയരങ്ങ് തുടങ്ങി വിവിധ പരിപാടികളും പുസ്തകോത്സവത്തിന്റെ ഭാഗമായി നടക്കും.
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സി. ജയപ്രകാശ്, സെക്രട്ടറി കെ.പി. ശങ്കരൻ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ആർ. നാൻസി, താലൂക്ക് പ്രസിഡന്റ് വി. ശിവകുമാർ, സ്റ്റേറ്റ് കൗൺസിൽ അംഗം ഡോ. കെ.കെ. ബാലചന്ദ്രൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ.ടി. ഫാറൂഖ്, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.പി. മധു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
