ചെറുകോട് പെട്രോൾ പമ്പിൽ മോഷണം: 150ഓളം കേസുകളിലെ പ്രതി പിടിയിൽ

October 13, 2026 - By North Malappuram


വണ്ടൂർ: ചെറുകോട് പെട്രോൾ പമ്പിന്റെ ഗ്ലാസ് തകർത്ത് 12,030 രൂപ കവർന്ന കേസിൽ കുപ്രസിദ്ധ മോഷണക്കേസ് പ്രതി നെല്ലിക്കുഴി ഷാജഹാൻ (51) പിടിയിലായി. കേരളത്തിനകത്തും പുറത്തുമായി നൂറ്റമ്പതോളം മോഷണക്കേസുകളിൽ പ്രതിയാണ് ഷാജഹാനെന്ന് പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെയാണ് ചെറുകോട് പെട്രോൾ പമ്പിൽ മോഷണം നടന്നത്. ഇരുമ്പുവടി ഉപയോഗിച്ച് പമ്പിന്റെ ഗ്ലാസ് തകർത്ത് അകത്തുകടന്ന പ്രതി മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന പണം കവരുകയായിരുന്നു. വണ്ടൂർ പൊലീസും നിലമ്പൂർ സ്ക്വാഡും നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് പട്ടാമ്പിയിലുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വണ്ടൂർ എസ്ഐ എ.പി. ആഷിഫിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

അർധരാത്രി കെഎസ്ആർടിസി ബസിൽ വണ്ടൂരിലെത്തിയ പ്രതി മോഷണത്തിനുശേഷം മറ്റൊരു ബസിൽ പെരിന്തൽമണ്ണ ഭാഗത്തേക്ക് കടക്കുകയായിരുന്നു. മോഷ്ടിച്ച പണം ഉപയോഗിച്ച് ബാറിൽനിന്ന് വിലകൂടിയ മദ്യം വാങ്ങിക്കുടിച്ചതായും പ്രതി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.

ഒരുമാസം മുമ്പാണ് ഷാജഹാൻ പെരിന്തൽമണ്ണ ജയിലിൽനിന്ന് പുറത്തിറങ്ങിയത്. വർഷങ്ങൾക്കുമുമ്പ് വണ്ടൂരിൽ നടന്ന മറ്റൊരു പെട്രോൾ പമ്പ് മോഷണക്കേസിലും ഇയാൾ കൂട്ടുപ്രതിയായിരുന്നു.

വണ്ടൂർ സ്റ്റേഷനിലെ എഎസ്ഐ സ്വയംപ്രഭ, ഷിഫിൻ കുപ്പനത്ത്, സ്ക്വാഡ് അംഗങ്ങളായ കെ.ടി. ആസിഫ് അലി, സാബിറലി, പി. സജീഷ്, സി.കെ. സജേഷ്, എം. കൃഷ്ണദാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Category: വണ്ടൂർ

Recent

Load More