മലയോര ഹർത്താൽ പൂർണം; കടകമ്പോളങ്ങൾ അടഞ്ഞു, വാഹനങ്ങൾ ഓടിയില്ല
നിലമ്പൂർ: പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരിൽ മലയോരജനതയെ കുടിയിറക്കുന്നുവെന്നാരോപിച്ച് മലയോര വികസനസമിതി പ്രഖ്യാപിച്ച മലയോര ഹർത്താൽ പൂർണം. നിലമ്പൂർ നഗരസഭയിലും ചാലിയാർ, ചുങ്കത്തറ, പോത്തുകല്ല്, എടക്കര, മൂത്തേടം, വഴിക്കടവ്, കരുളായി, അമരമ്പലം, ചോക്കാട്, കാളികാവ്, കരുവാരക്കുണ്ട് പഞ്ചായത്തുകളിലുമാണ് ഹർത്താൽ നടന്നത്.
നിലമ്പൂർ, എടക്കര, ചുങ്കത്തര, വഴിക്കടവ്, പോത്തുകല്ല്, മൂത്തേടം, കരുളായി, പൂക്കോട്ടുംപാടം, അകമ്പാടം എന്നീ ടൗണുകളിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളെയും വിദ്യാഭ്യാസസ്ഥാപനങ്ങളെയും ഹർത്താൽ ബാധിച്ചു. പഞ്ചായത്ത്, വില്ലേജ് ഓഫീസുകളും ബാങ്കുകളും സഹകരണസ്ഥാപനങ്ങളും തുടങ്ങിയവ ഹർത്താലുമായി സഹകരിച്ചു. പോസ്റ്റ് ഓഫീസുകളും കൃഷിഭവനുകളും അടഞ്ഞുകിടന്നു. സ്കൂളുകളിൽ ബസുകൾ ഇല്ലാത്തതിനാലും കുട്ടികൾ എത്താത്തതിനാലും പഠനം നടന്നില്ല. ചുങ്കത്തര മാർത്തോമ്മ കോളേജ്, പാലേമാട് ശ്രീവിവേകാനന്ദ കോളേജ്, മൂത്തേടം ഫാത്തിമ കോളേജ് എന്നിവിടങ്ങളിലും പഠനം മുടങ്ങി.
ദീർഘദൂര യാത്രക്കാരുള്ള കെ.എസ്.ആർ.ടി.സി. കടത്തിവിട്ടു. ആശുപത്രി, പാൽ, പത്രം എന്നീ അവശ്യസർവീസുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇതരസംസ്ഥാനത്തുനിന്നെത്തിയ അയ്യപ്പഭക്തർക്ക് കടന്നുപോകാൻ തടസ്സമുണ്ടായില്ല. സ്വകാര്യ ബസുകളും ഓട്ടോ, ടാക്സി വാഹനങ്ങളും സർവീസ് മുടക്കി. അതേസമയം ടൗണുകളിലെത്തിയ സ്വകാര്യ വാഹനങ്ങളും ടാക്സി വാഹനങ്ങളും തടഞ്ഞ് ഹർത്താലുമായി സഹകരിക്കാൻ സമരക്കാർ ആവശ്യപ്പെട്ടു.
