മഞ്ചേരിയിൽ മഞ്ഞപ്പിത്തം പടരുന്നു; 15 പേർക്കുകൂടി രോഗം
മഞ്ചേരി: മഞ്ചേരിയിൽ 15 പേർക്കുകൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 67 ആയി. നിരവധി പേർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ടെന്നും ഇവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ഒക്ടോബർ ഒന്നു മുതൽ നവംബർ വരെയുള്ള കാലയളവിൽ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവരുടെയും പാർസൽ വാങ്ങിയവരുടെയും വിവരങ്ങൾ ആരോഗ്യ വകുപ്പ് ശേഖരിച്ചിരുന്നു. രോഗലക്ഷണങ്ങൾ കണ്ടെത്തിയവർക്ക് ചികിത്സ ആരംഭിച്ചിട്ടുണ്ട്. ഇവരെക്കൂടി കണക്കിലെടുക്കുമ്പോൾ രോഗബാധിതരുടെ എണ്ണം ഇരട്ടിയാകാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.
ഹോട്ടലിലെ മുഴുവൻ ജീവനക്കാർക്കും കഴിഞ്ഞ ദിവസം പ്രതിരോധ കുത്തിവെപ്പ് നൽകി. ഹോട്ടലിൽനിന്ന് ശേഖരിച്ച ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും സാമ്പിളുകളുടെ പരിശോധനാഫലം അടുത്ത ദിവസം ലഭിക്കുമെന്നാണ് പ്രതീക്ഷ.
റസ്റ്റോറന്റിലെ രണ്ട് തൊഴിലാളികൾക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇവരിൽനിന്ന് മറ്റ് തൊഴിലാളികൾക്കും ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കും രോഗം പകർന്നതായാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ.
