മഞ്ചേരിയിൽ മഞ്ഞപ്പിത്ത ഭീതി: രോഗബാധിതരുടെ എണ്ണം ഇരട്ടിയാകുമെന്ന് ആശങ്ക; 53 പേർക്ക് രോഗം സ്ഥിരീകരിച്ചു

November 20, 2026 - By MalappuramMedia

മഞ്ചേരി: മഞ്ചേരിയിലെ ഫാർസ റസ്റ്റോറന്റിൽനിന്ന് ഭക്ഷണം കഴിച്ചവരിലേക്ക് മഞ്ഞപ്പിത്തം വ്യാപിച്ചതോടെ രോഗബാധിതരെ കണ്ടെത്താൻ ആരോഗ്യവകുപ്പ് അന്വേഷണം ഊർജിതമാക്കി. ഒക്ടോബർ ഒന്നുമുതൽ നവംബർവരെയുള്ള കാലയളവിൽ രാജീവ് ഗാന്ധി ബൈപ്പാസിലെ റസ്റ്റോറന്റിൽനിന്ന് ഭക്ഷണം കഴിച്ചവരുടെയും പാഴ്സൽ വാങ്ങിയവരുടെയും വിവരങ്ങൾ ശേഖരിക്കുന്നത്. ഭക്ഷണം കഴിച്ചവരിൽ ചിലർ സ്വമേധയാ ആരോഗ്യവകുപ്പിനെ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറുന്നുണ്ട്.


വ്യാഴാഴ്ചവരെ 53 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വരും ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം ഇരട്ടിയാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. റസ്റ്റോറന്റിലെ രണ്ട് ജീവനക്കാർക്കാണ് ആദ്യം രോഗബാധ സ്ഥിരീകരിച്ചത്. ഇവരിൽനിന്ന് മറ്റ് 17 ജീവനക്കാർക്കും രോഗം പകർന്നതായാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ജീവനക്കാരിൽനിന്ന് ഹോട്ടലിലെത്തിയ മറ്റ് ഉപഭോക്താക്കളിലേക്കും രോഗം വ്യാപിച്ചിരിക്കാമെന്നാണ് നിഗമനം.
കഴിഞ്ഞ ഞായറാഴ്ച ആരോഗ്യവകുപ്പ് റസ്റ്റോറന്റിൽ പരിശോധന നടത്തിയിരുന്നു. രോഗവ്യാപനത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടും നഗരസഭ കൃത്യസമയത്ത് ഇടപെട്ട് പ്രതിരോധ നടപടികൾ സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്.


ജില്ലയിൽ ഷിഗെല്ല രോഗബാധയും ആശങ്കയാണ്. ജില്ലയിൽ ഇതുവരെ 75 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. അമരമ്പലം, ചുങ്കത്തറ, എടക്കര, ഏലംകുളം മേഖലകളിൽ കഴിഞ്ഞയാഴ്ച ഒമ്പതുപേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിരുന്നു. തട്ടുകടകളിൽനിന്നും ഹോട്ടലുകളിൽനിന്നും ഭക്ഷണം കഴിച്ചവരിലാണ് ഈ മേഖലകളിൽ രോഗബാധ കണ്ടെത്തിയത്.
ഭക്ഷണശാലകളിലെ ശുചിത്വവും ഭക്ഷ്യസുരക്ഷാ പരിശോധനയും ശക്തമാക്കണമെന്ന ആവശ്യവും ശക്തമായി.

Recent

Load More