താനൂർ ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

November 19, 2026 - By Malapuram

താനൂർ: ഭിന്നശേഷിക്കാരായ കുട്ടികളുടെ സർഗാത്മക കഴിവുകൾക്കും കലാമികവിനും വേദിയൊരുക്കി താനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാർ ഹാജി കലോത്സവം ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷിക്കാരുടെ പുനരധിവാസവും സ്വയംപര്യാപ്തതയും ലക്ഷ്യമിട്ട് വളവന്നൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ബഡ്‌സ് റീഹാബിലിറ്റേഷൻ ആൻഡ് വൊക്കേഷണൽ ട്രെയിനിങ് സെന്റർ ആരംഭിക്കണമെന്ന ആവശ്യം ചടങ്ങിൽ ഉയർന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസ്‌റിൻ മണ്ണിങ്ങൽ ഇക്കാര്യം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് മുന്നിൽ അവതരിപ്പിച്ചു.
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ചികിത്സയ്ക്കും പരിചരണത്തിനും പുറമെ തൊഴിൽ പരിശീലനവും സാമൂഹിക ഇടപെടലിനുള്ള അവസരങ്ങളും ഉറപ്പാക്കേണ്ടതുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന സമഗ്ര ഭിന്നശേഷി സർവേയുടെ പുരോഗതിയും ഇതുവരെ ലഭിച്ച വിവരങ്ങളും വൈസ് പ്രസിഡന്റ് വിശദീകരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. നൗഷാദ് അധ്യക്ഷനായി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അലി അഷ്‌റഫ് പ്രസംഗിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ. ഷഹാന സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സി.ഡി.പി.ഒ. നന്ദിയും പറഞ്ഞു. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Category: താനൂർ

Recent

Load More