ജലീലിന്റെ ഇവിഎം ആരോപണത്തിൽ മറുപടിയുമായി ലീഗ്: ജലീലിന് അധികാരത്തിന്റെ ആനന്ദം നഷ്ടപ്പെട്ടതിന്റെ നൈരാശ്യം
മലപ്പുറം: ഇ.വി.എം തിരിമറി ആരോപണത്തിൽ മുൻ മന്ത്രിയും സി.പി.എം നേതാവുമായ കെ.ടി. ജലീലിനെതിരെ മുസ്‌ലിം ലീഗ് രംഗത്ത്. ആരോപണം ഗൗരവമുള്ളതാണെന്നും ഏത് ഏജൻസി വേണമെങ്കിലും അന്വേഷിക്കട്ടെയെന്നും ഏത് അന്വേഷണവും നേരിടാൻ പാർട്ടി തയ്യാറാണെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. അധികാരത്തിന്റെ ആനന്ദം നഷ്ടപ്പെട്ടതിന്റെ നൈരാശ്യമാണ് ജലീലിനെന്നും നല്ല ചികിത്സ ലഭിച്ചാൽ ആ നിരാശ മാറുമെന്നും അദ്ദേഹം പരിഹസിച്ചു.
ആരോപണം ഉന്നയിച്ചവരിൽ നിന്ന് തെളിവ് വാങ്ങണമെന്നാണ് സലാമിന്റെ ആവശ്യം. ജലീലിനെ ചോദ്യം ചെയ്ത് മൊഴിയെടുക്കണം. ജലീൽ പറഞ്ഞത് തെറ്റാണെന്ന് ബോധ്യപ്പെട്ടാലും ശിക്ഷിക്കരുത്, കാരണം അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ജീവിതം തന്നെയാണ് ഏറ്റവും വലിയ ശിക്ഷയെന്നും സലാം പറഞ്ഞു. ഇക്കാര്യങ്ങൾ ജലീലിലൂടെ ഉന്നയിച്ച വിദ്യാർത്ഥിയെ ബന്ധപ്പെട്ടാൽ ഏജൻസിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുമെന്നും, തിരൂരങ്ങാടി എം.എൽ.എ. പി.എം.എ. സമീറിനെ ചോദ്യം ചെയ്യുന്നതിന് മുമ്പ് ആരോപണം ഉന്നയിച്ചവരെ ചോദ്യം ചെയ്യട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തവനൂരിലെ തിരഞ്ഞെടുപ്പ് തോൽവി ഉൾക്കൊള്ളാനാകാത്തതിന്റെ മാനസികാവസ്ഥയാണ് ജലീലിന്റെ വാക്കുകളിലെന്ന് കൊണ്ടോട്ടി എം.എൽ.എ. ടി.പി. അഷ്റഫലി വിമർശിച്ചു.
