ചാലക്കുടി പൊലീസ് സ്റ്റേഷൻ വളപ്പിൽ 12 ബൈക്കുകൾ കത്തിനശിച്ചു; മലപ്പുറം സ്വദേശി കസ്റ്റഡിയിൽ
മലപ്പുറം: പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 12 ബൈക്കുകൾ കത്തിനശിച്ച സംഭവത്തിൽ മലപ്പുറം സ്വദേശി സുകുമാരനെ (40) പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പ്രാഥമിക സൂചന.
പുലർച്ചെ സ്റ്റേഷന്റെ മതിൽ ചാടിക്കടന്നെത്തിയ സുകുമാരൻ, വളപ്പിൽ പാർക്ക് ചെയ്തിരുന്ന ഒരു ബൈക്കിൽ നിന്ന് കുപ്പിയിലേക്ക് പെട്രോൾ ഊറ്റിയെടുത്തു. തുടർന്ന് മതിലിനോട് ചേർന്ന് തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന ബൈക്കുകളിൽ പെട്രോൾ ഒഴിച്ച് തീപ്പെട്ടി ഉരച്ചിട്ടു. ശേഷം മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു.
ബൈക്കുകളിൽ നിന്ന് പുക ഉയരുന്നത് കണ്ട് പൊലീസുകാർ തീയണയ്ക്കാൻ ഓടിയെത്തിയപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. ഫയർഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപ്പോഴേക്കും 12 ബൈക്കുകളും പൂർണമായി കത്തിനശിച്ചു.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നായിരുന്നു തുടക്കത്തിൽ പൊലീസിന്റെ നിഗമനം. എന്നാൽ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് ഒരാൾ ബൈക്കുകൾക്ക് തീയിടുന്നത് വ്യക്തമായതും പ്രതിയെ പിടികൂടാനായതും.
സുകുമാരൻ എന്തിനാണ് ചാലക്കുടിയിലെത്തിയതെന്നും തീയിടാനുള്ള കാരണം എന്താണെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. മാനസികാരോഗ്യ നില സംബന്ധിച്ച വിദഗ്ധ പരിശോധന ഉൾപ്പെടെ നടത്തിയ ശേഷമായിരിക്കും തുടർനടപടികളെന്നാണ് സൂചന.
