കിണർ ഇടിഞ്ഞുവീണ് രണ്ട് തൊഴിലാളികൾക്ക് ഗുരുതര പരിക്ക്; രക്ഷപ്പെടുത്തി
കുറുവ പൊരുന്നുംപറമ്പിൽ കിണർ നിർമാണത്തിനിടെ മതിൽക്കെട്ട് ഇടിഞ്ഞുവീണ് രണ്ട് തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട് സ്വദേശികളായ കുമരേശൻ (33), സതീശ് (30) എന്നിവർക്കാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് അഷ്റഫിന്റെ വീട്ടിലെ കിണറ്റിൽ അപകടമുണ്ടായത്. കിണറിന്റെ മുകൾഭാഗത്തെ ഒറ്റവരി മതിൽക്കെട്ട് തകർന്നുവീണ് താഴെ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ ദേഹത്ത് കല്ലുകൾ പതിക്കുകയായിരുന്നു. സതീശിന്റെ വലതുകാലിന് ഗുരുതരമായി പരിക്കേൽക്കുകയും കാൽ ഒടിയുകയും ചെയ്തു. ഇരുവർക്കും തോളിലും പരിക്കേറ്റു.
കിണർ കുഴിച്ചെടുത്ത മണ്ണ് മതിലിന് മുകളിൽ കൂട്ടിയിട്ടതാണ് മതിൽ തകരാൻ കാരണമെന്നാണ് പ്രാഥമിക വിവരം.
മലപ്പുറം അഗ്നിരക്ഷാസേന ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അസി. സ്റ്റേഷൻ ഓഫീസർ കെ. പ്രതീഷിന്റെയും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. സുധീഷിന്റെയും നേതൃത്വത്തിൽ സേഫ്റ്റി ബോഡി ഹാർണസും കയറും ഉപയോഗിച്ച് കിണറ്റിലിറങ്ങി സേഫ്റ്റി നെറ്റിന്റെ സഹായത്തോടെ ഇരുവരെയും സുരക്ഷിതമായി പുറത്തെടുത്തു. തുടർന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സി.എം. വിഷ്ണു, എം. മനോജ് കുമാർ, പി. അഭിനന്ദ്, ടി. കൃഷ്ണകുമാർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
