വണ്ടൂരിൽ പള്ളിയിലെ മോഷണം: രണ്ട് പ്രതികളും പിടിയിൽ
വണ്ടൂർ: പള്ളിയിൽനിന്ന് മൊബൈൽ ഫോണും പണവും മോഷ്ടിച്ച കേസിൽ രണ്ട് പ്രതികളും പോലീസ് പിടിയിലായി. മമ്പാട് പുള്ളിപ്പടം അറബിക്കുന്നുമ്മൽ സ്വദേശി ഫിദൽ ഹമീദ് (23), ശാന്തിനഗർ സ്വദേശി മുഹമ്മദ് ഷിഫിൽ (23) എന്നിവരാണ് അറസ്റ്റിലായത്.
ഈ മാസം 14-ന് വണ്ടൂരിലാണ് കേസിനാസ്പദമായ സംഭവം. പള്ളിയുടെ മുകൾനിലയിലെ മുറിയിൽ ചാർജ് ചെയ്യാൻ വെച്ചിരുന്ന 15,000 രൂപ വിലവരുന്ന മൊബൈൽ ഫോണും ബാഗിൽ സൂക്ഷിച്ചിരുന്ന 12,000 രൂപയുമാണ് മോഷണം പോയത്.
വണ്ടൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയായ ഷിഫിലിനെ തൃശൂരിൽ റെയിൽവേ പോലീസ് തടഞ്ഞുവെച്ചിരുന്നു. തുടർന്ന് വണ്ടൂർ പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തു. ഇയാളിൽനിന്ന് ലഭിച്ച വിവരങ്ങളുടെയും സി.സി.ടി.വി. ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് കൂട്ടുപ്രതിയായ ഫിദൽ ഹമീദിനെ തിരിച്ചറിഞ്ഞത്.
എസ്.ഐ. എ.പി. ആഷിഫിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ എസ്.ഐ. വി.കെ. പ്രദീപ്, എ.എസ്.ഐ. പങ്കജ, എസ്.സി.പി.ഒ. റിയാസ് എന്നിവരും ഉണ്ടായിരുന്നു.
