മുണ്ടുപറമ്പ് സ്വദേശികളായ ദമ്പതികളുടെ സാമ്പത്തികത്തട്ടിപ്പ്: പുതിയ 12 പരാതികൾകൂടി; ആകെ പരാതിക്കാർ 35
മലപ്പുറം: ലാഭവാഗ്ദാനം നൽകി ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും പണവും സ്വർണവും ഭൂമിയും കൈക്കലാക്കിയ മലപ്പുറം മുണ്ടുപറമ്പ് സ്വദേശികളായ ദമ്പതികൾക്കും മക്കൾക്കുമെതിരെ കൂടുതൽ പരാതിക്കാർ രംഗത്തെത്തി. മുണ്ടുപറമ്പ് തെക്കുംപുറം വീട്ടിൽ മുജീബ് റഹ്മാൻ, ഭാര്യ ബജീന, മക്കളായ ജസീം, ജിതിൻ മുഹമ്മദ് എന്നിവർക്കെതിരെ വെള്ളിയാഴ്ച മലപ്പുറം പൊലീസ് സ്റ്റേഷനിൽ 12 പുതിയ പരാതികൾ ലഭിച്ചു. സ്ത്രീകളും പുരുഷന്മാരും തട്ടിപ്പിന് ഇരയായിട്ടുണ്ട്.
ബുധനാഴ്ച ആറുപേർ പൊലീസ് സ്റ്റേഷനിലും വ്യാഴാഴ്ച 15 പേർ ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. വ്യാഴം രാത്രി രണ്ടുപേർ മലപ്പുറം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതായും വിവരമുണ്ട്. ഇതോടെ ആകെ പരാതിക്കാരുടെ എണ്ണം 35 ആയി.
ഓരോ പരാതിയും പ്രത്യേകം കേസായി രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ നിർദേശം നൽകിയിട്ടുണ്ട്. എഫ്ഐആർ രജിസ്റ്റർ ചെയ്തശേഷം ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, തട്ടിപ്പുതുക കോടികൾ കടന്ന സാഹചര്യത്തിൽ സംസ്ഥാന ക്രൈംബ്രാഞ്ചിനു കീഴിലുള്ള സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് അന്വേഷണം കൈമാറുമെന്നും സൂചനയുണ്ട്. പ്രതികൾ ഒളിവിലാണ്.
സാമ്പത്തിക പ്രയാസം പറഞ്ഞും സഹായം വാഗ്ദാനംചെയ്തും ലാഭവിഹിതം നൽകാമെന്ന വ്യാജേനയുമാണ് ദമ്പതികൾ തട്ടിപ്പ് നടത്തിയത്. പണവും സ്വർണവും സ്വീകരിച്ചതിനൊപ്പം സ്ഥലത്തിന്റെ ആധാരവും വാങ്ങിയിട്ടുണ്ട്. ഇത് ഈടുവച്ചാണ് കെഎസ്എഫ്ഇ ബ്രാഞ്ചുകളിൽനിന്ന് പ്രതികൾ ചിട്ടിയും വായ്പയും തരപ്പെടുത്തിയത്. വരുംദിവസങ്ങളിലും കൂടുതൽ പരാതിക്കാർ എത്തുമെന്നാണ് വിവരം.
