മലപ്പുറത്ത് ബിസിനസ് പങ്കാളിത്തത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; ദമ്പതികൾക്കും മകനുമെതിരെ കേസ്, നൂറോളം പേർ ഇരകളെന്ന് പരാതിക്കാർ

November 27, 2026 - By Malapuram

മലപ്പുറം:ബിസിനസിൽ പങ്കാളിയാക്കാമെന്നും ലാഭവിഹിതം നൽകാമെന്നും കുറഞ്ഞ വിലയ്ക്ക് ഭൂമി നൽകാമെന്നും വാഗ്ദാനം ചെയ്ത് കുടുംബം കോടികൾ തട്ടിയെടുത്തതായി പരാതി. മലപ്പുറം മുണ്ടുപറമ്പ് സ്വദേശികളായ മുജീബ് റഹ്മാൻ, ഭാര്യ ബജീന, മകൻ ജാസിം എന്നിവർക്കെതിരെയാണ് ആരോപണം.
സ്വന്തം സഹോദരനും ബന്ധുക്കളും അയൽവാസികളും സുഹൃത്തുക്കളുമാണ് തട്ടിപ്പിനിരയായവരിൽ ഏറെയും. നാട്ടിലും വിദേശത്തും ഗൾഫിലുമുള്ള ബിസിനസുകളിൽ ലാഭവിഹിതം വാഗ്ദാനം ചെയ്താണ് പണവും സ്വർണവും വാങ്ങിയതെന്ന് പരാതിക്കാർ പറയുന്നു.
ആദ്യഘട്ടത്തിൽ പരാതി നൽകിയ ആറുപേരിൽ നിന്നുമാത്രം 626 പവൻ സ്വർണവും ഏകദേശം മൂന്ന് കോടി രൂപയും നഷ്ടമായെന്നാണ് വിവരം. പലരുടെയും വീട്, പുരയിടം, ഭൂമി എന്നിവയുടെ ആധാരങ്ങൾ വാങ്ങി പണയപ്പെടുത്തി ലക്ഷങ്ങൾ കൈക്കലാക്കിയതായും പരാതിയിൽ പറയുന്നു. ഇതോടെ പലരും ജപ്തി ഭീഷണി നേരിടുകയാണ്.
തങ്ങൾ മാത്രമാണ് വഞ്ചിക്കപ്പെട്ടതെന്നായിരുന്നു ഇരകളിൽ പലരുടെയും ധാരണ. എന്നാൽ സമാനരീതിയിൽ നിരവധിപേർ പണവും സ്വർണവും ആധാരവും കൈമാറിയതായി പിന്നീട് തിരിച്ചറിഞ്ഞതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്തറിഞ്ഞത്. നൂറോളം പേർ കബളിപ്പിക്കപ്പെട്ടതായാണ് പരാതിക്കാരുടെ അവകാശവാദം.
ആറുപേർ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരകളുടെ എണ്ണം ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ പൊലീസ് ഒരുങ്ങുകയാണ്.

Recent

Load More