നിലമ്പൂർ താലൂക്കിൽ ഇന്ന് മലയോര ഹർത്താൽ; രാവിലെ ആറുമുതൽ വൈകീട്ട് അഞ്ചുവരെ
നിലമ്പൂർ: പരിസ്ഥിതി ലോല പ്രദേശങ്ങളുടെ (ഇ.എസ്.എ.) കരട് വിജ്ഞാപനത്തിൽനിന്ന് ജനവാസമേഖലകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നിലമ്പൂർ താലൂക്കിൽ ഇന്ന് (വ്യാഴാഴ്ച) മലയോര ഹർത്താൽ. വിജ്ഞാപനത്തിൽ താലൂക്കിലെ 11 വില്ലേജുകളെ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് മലയോര സംരക്ഷണസമിതിയുടെ നേതൃത്വത്തിലാണ് ഹർത്താൽ ആചരിക്കുന്നത്.
രാവിലെ ആറുമുതൽ വൈകീട്ട് അഞ്ചുവരെയാണ് ഹർത്താൽ. കടകമ്പോളങ്ങൾ അടച്ചും ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ നിരത്തിലിറക്കാതെയും ഹർത്താലുമായി സഹകരിക്കണമെന്ന് സമരസമിതി അഭ്യർഥിച്ചു.
നിലമ്പൂർ നഗരസഭയ്ക്ക് പുറമെ കരുവാരക്കുണ്ട്, എടക്കര, വഴിക്കടവ്, പോത്തുകല്ല്, ചുങ്കത്തറ, ചാലിയാർ, മൂത്തേടം, ചോക്കാട്, അമരമ്പലം, കരുളായി, കാളികാവ് എന്നീ പഞ്ചായത്തുകളിലും ഹർത്താൽ ബാധകമാണ്.
