തിരുനാവായ-ഗുരുവായൂർ റെയിൽപാത: വിശദ പദ്ധതി രേഖ രണ്ടാഴ്ചയ്ക്കകം; പൊന്നാനിയിൽ പ്രധാന സ്റ്റേഷൻ
പൊന്നാനി:മലബാറിന്റെ ദീർഘകാല വികസന സ്വപ്നങ്ങളിലൊന്നായ ഗുരുവായൂർ–തിരുനാവായ റെയിൽപാത പദ്ധതിക്ക് പുതിയ പ്രതീക്ഷ. പദ്ധതിയുടെ വിശദ പദ്ധതി രേഖ (ഡി.പി.ആർ) രണ്ടാഴ്ചയ്ക്കകം തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുമെന്നാണ് അറിയുന്നത്. പദ്ധതിയുമായി മുന്നോട്ടുപോകാൻ ദക്ഷിണ റെയിൽവേയുടെ അനുകൂല നിലപാട് ലഭിച്ചതോടെ, ഇതുവരെ ചർച്ചകളിൽ മാത്രമൊതുങ്ങിയിരുന്ന പാത സ്വപ്നത്തിൽനിന്ന് യാഥാർഥ്യത്തിലേക്ക് അടുക്കുകയാണ്.
പൊന്നാനി എം.എൽ.എ കെ.പി. നൗഷാദലി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ സുബ്ബറാവുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിർണായക പുരോഗതിയുണ്ടായത്. റെയിൽപാതയുടെ അലൈൻമെന്റ്, ഭൂമി ഏറ്റെടുക്കൽ, സ്റ്റേഷൻ നിർമാണം തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. തുടർനടപടികൾ വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്. 2026 ജനുവരിയിൽ റെയിൽവേ മന്ത്രാലയം പദ്ധതി മരവിപ്പിച്ച തീരുമാനം പിൻവലിച്ചതോടെയാണ് പദ്ധതി വീണ്ടും സജീവമായത്.
ഗുരുവായൂർ, ചാവക്കാട്, പൊന്നാനി മേഖലകളിലൂടെ കടന്നുപോകുന്ന തരത്തിലാണ് പുതിയ പാതയുടെ അലൈൻമെന്റ് വിഭാവനം ചെയ്യുന്നത്. കനോലി കനാലിന് സമാന്തരമായി പാത നിർമിക്കാനാണ് പ്രാഥമിക ആലോചന. ഇതുവഴി ജനവാസ മേഖലകളെ പരമാവധി ഒഴിവാക്കാനും ഭൂമി ഏറ്റെടുക്കൽ മൂലമുള്ള പ്രയാസങ്ങൾ കുറയ്ക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. പദ്ധതിക്കായി ഏകദേശം 39 കിലോമീറ്റർ ദൂരത്തിൽ ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നാണ് പ്രാഥമിക കണക്ക്. എന്നാൽ ജനവാസ കേന്ദ്രങ്ങൾ പരമാവധി ഒഴിവാക്കി അലൈൻമെന്റ് നിശ്ചയിക്കുന്നതിലൂടെ സാമൂഹിക ആഘാതവും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സങ്കീർണതകളും കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.
പൊന്നാനിയിൽ പ്രധാന റെയിൽവേ സ്റ്റേഷൻ സ്ഥാപിക്കുന്ന തരത്തിലായിരിക്കും ഡി.പി.ആർ തയ്യാറാക്കുക. ഇത് യാഥാർഥ്യമായാൽ പൊന്നാനിയുടെ ഗതാഗത-വികസന മേഖലകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങും. നിലവിൽ റെയിൽ ഗതാഗത സൗകര്യങ്ങളിൽനിന്ന് ഏറെക്കുറെ അകന്നുനിൽക്കുന്ന പൊന്നാനിക്കും സമീപ പ്രദേശങ്ങൾക്കും ദേശീയ റെയിൽ ശൃംഖലയുമായി നേരിട്ട് ബന്ധപ്പെടാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക.
പാത യാഥാർഥ്യമായാൽ തിരുവനന്തപുരം–മംഗലാപുരം റെയിൽ യാത്രയിൽ ഏകദേശം 60 കിലോമീറ്റർ ദൂരം ലാഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതുവഴി യാത്രാസമയം കുറയുന്നതിനൊപ്പം മലബാറിലെ റെയിൽ ഗതാഗതത്തിനും പുതിയ സാധ്യതകൾ തുറക്കും. തീർഥാടന കേന്ദ്രമായ ഗുരുവായൂർ, തീരദേശ നഗരമായ പൊന്നാനി, ചരിത്രപ്രാധാന്യമുള്ള തിരുനാവായ എന്നിവയെ ബന്ധിപ്പിക്കുന്ന പാത വിനോദസഞ്ചാര-വാണിജ്യ മേഖലകൾക്കും വലിയ ഉണർവ് നൽകും. പദ്ധതിയുടെ ഡി.പി.ആർ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുന്നതോടെ തുടർനടപടികൾക്ക് കൂടുതൽ വ്യക്തതയുണ്ടാകും.
