ആലത്തിയൂരിൽ നാളെ ജില്ലാ കലോത്സവത്തിന് തിരിതെളിയും; 11,000 വിദ്യാർഥികൾ മാറ്റുരയ്ക്കും
ആലത്തിയൂർ:കൗമാരകലകളുടെ പെരുങ്കളിയാട്ടത്തിന് ആലത്തിയൂരിന്റെ മണ്ണിൽ നാളെ അരങ്ങുണരും. 37-ാമത് മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം കെ.എച്ച്.എം.എച്ച്.എസ്.എസിൽ നാളെ തുടങ്ങും. ഡിസംബർ മൂന്നിന് തിരശ്ശീല വീഴും. മാപ്പിളകലകളുടെ മൈലാഞ്ചിച്ചന്തവും മകരത്തണുപ്പിൽ കലയുടെ പെരുങ്കളിയാട്ടവും ഇനി ദിവസങ്ങളോളം ആലത്തിയൂരിന്റെ രാപ്പകലുകളെ ദൃശ്യ, ശ്രാവ്യ, ലാസ്യ ഭാവങ്ങളാൽ മുഖരിതമാക്കും.
ഒന്നാം വേദിയായ ‘ഇശൽ മുറ്റത്തിൽ’ റവന്യൂ മന്ത്രി എ.പി. അനിൽകുമാർ ദീപം തെളിക്കും. ആലത്തിയൂർ ആദ്യമായാണ് ജില്ലാ കലോത്സവത്തിന് വേദിയാകുന്നത്. 316 ഇനങ്ങളിലായി പതിനൊന്നായിരത്തിലധികം വിദ്യാർഥികൾ 17 ഉപജില്ലകളിൽ നിന്ന് മത്സരിക്കും. അറബിക് സാഹിത്യോത്സവം, സംസ്കൃതോത്സവം, ഇൻക്ലൂസീവ് കലോത്സവം എന്നിവയും ഇതിന്റെ ഭാഗമായി നടക്കും.
ആതിഥേയരായ കെ.എച്ച്.എം.എച്ച്.എസ്.എസിലും സമീപസ്ഥലങ്ങളിലുമായി വിവിധ പേരുകളിൽ പ്രത്യേകം സജ്ജീകരിച്ച ഇരുപത് വേദികളും 22 ഹാളുകളുമാണ് ഒരുക്കിയത്. ഒന്നാം ദിവസമായ നാളെ സ്റ്റേജിതര മത്സരങ്ങൾക്ക് 22 ഹാളുകളും സ്റ്റേജിനങ്ങൾക്ക് 12 വേദികളും ഉപയോഗിക്കും. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളുടെ ബാൻഡ് മേളം ഡിസംബർ മൂന്നിന് രാവിലെ ഒൻപതിന് തിരൂർ എൻ.എസ്.എസ്.ഇ.എം.എച്ച്.എസിൽ നടക്കും.
രജിസ്ട്രേഷൻ ഇന്ന്: മത്സരാർഥികളുടെ രജിസ്ട്രേഷൻ ഇന്ന് രാവിലെ 11-ന് കെ.എച്ച്.എം.എച്ച്.എസ്.എസിലെ പ്രത്യേക ഹാളിൽ തുടങ്ങും. മത്സരാർഥികൾ എല്ലാ ദിവസവും രാവിലെ 8.30-ന് റിപ്പോർട്ട് ചെയ്യണം. മത്സരസംബന്ധമായ അറിയിപ്പുകൾ വേദികളിൽ ലഭിക്കും. മത്സരങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ. സരിത അറിയിച്ചു.
അപ്പീൽ പ്രവാഹം, ആശങ്ക: ഇത്തവണയും അപ്പീലുകളുടെ പ്രവാഹമാണ്. അപ്പീൽ കമ്മിറ്റിക്കു മുൻപാകെ 17 ഉപജില്ലകളിൽ നിന്നായി 200-ലധികം അപ്പീലുകൾ എത്തി. കോടതി മുഖാന്തരമുള്ളവയും ഇതിൽ ഉൾപ്പെടും. മത്സരങ്ങൾ കൃത്യസമയത്ത് തുടങ്ങി രാത്രി എട്ടോടെ അവസാനിപ്പിക്കാനാണ് നിലവിലെ തീരുമാനം. എന്നാൽ അപ്പീലുകളുടെ എണ്ണം കൂടുന്നത് സമയക്രമം താളംതെറ്റിക്കുമോ എന്ന ആശങ്കയിലാണ് പ്രോഗ്രാം കമ്മിറ്റി.
പാൽ കാച്ചൽ ഇന്ന്: കലോത്സവനഗരിയിലെ ഭക്ഷണശാലയുടെ പാലുകാച്ചൽ ഇന്ന് വൈകിട്ട് നാലിന് നടക്കും. കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
