വികസന പദ്ധതികളിൽ ഉദ്യോഗസ്ഥ മെല്ലെപ്പോക്ക് അവസാനിപ്പിക്കണം: ജില്ലാ വികസന സമിതിയിൽ എംഎൽഎമാർ
മലപ്പുറം: വികസന പദ്ധതികളിലെ ഉദ്യോഗസ്ഥതല മെല്ലെപ്പോക്ക് അവസാനിപ്പിച്ച് നടപടികൾ വേഗത്തിലാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ എം.എൽ.എമാർ ആവശ്യപ്പെട്ടു. ജില്ലാ മജിസ്ട്രേറ്റ് പി.ഒ. സാദിഖിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.പി. സുനീർ എം.പി, എം.എൽ.എമാരായ അഡ്വ. എം. റഹ്മത്തുല്ല, പി.കെ. നവാസ്, ടി.വി. ഇബ്രാഹിം എന്നിവർ പങ്കെടുത്തു.
മഞ്ചേരി മെഡിക്കൽ കോളജിലെ എം.ആർ.ഐ യൂണിറ്റ് വർഷങ്ങളായി പ്രവർത്തനക്ഷമമാകാത്തത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി റഹ്മത്തുല്ല ചൂണ്ടിക്കാട്ടി. വൈദ്യുതി കണക്ഷനുവേണ്ടി സെക്യൂരിറ്റി ഡെപ്പോസിറ്റായി 43.12 ലക്ഷം രൂപയും കുടിശ്ശികയായി 25 ലക്ഷം രൂപയും അടച്ചിട്ടും ഓരോ ഘട്ടത്തിലും പുതിയ കുടിശ്ശിക പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. മഞ്ചേരിയിലെ നാർക്കോട്ടിക് കോടതിക്ക് തസ്തിക സൃഷ്ടിക്കാനുള്ള റിപ്പോർട്ട് ബിൽഡിങ്സ് വിഭാഗം വൈകിക്കുന്നതായും, 2025-26 ബജറ്റിലെ മൂന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ഫണ്ട് ലാപ്സാകാതിരിക്കാൻ എസ്റ്റിമേറ്റ് ഉടൻ നൽകണമെന്നും ആവശ്യപ്പെട്ടു.
തീരദേശ പാത നിർമാണത്തിൽ പൊളിച്ചുമാറ്റിയ വീടുകളുടെ രേഖകളും നഷ്ടപരിഹാരവും വ്യക്തമാക്കണമെന്ന് പി.കെ. നവാസ് ആവശ്യപ്പെട്ടു. താനൂർ സി.എച്ച്.സി താലൂക്ക് ആശുപത്രിയാകുമ്പോൾ ഡയാലിസിസ് സെന്ററിന്റെ നടത്തിപ്പിന് പ്രായോഗിക പരിഹാരം കാണണമെന്നും രോഗികൾക്ക് ഭാരം ഉണ്ടാകരുതെന്നും അദ്ദേഹം നിർദേശിച്ചു. ഉണ്ണിയാൽ പാലത്തിന് തടസ്സമായ കേബിൾ മാറ്റാൻ നടപടിയെടുത്ത കെ.എസ്.ഇ.ബി, പൊതുമരാമത്ത് വകുപ്പുകളെ അഭിനന്ദിച്ചു. അഞ്ചുടി കുണ്ടുങ്ങൽ പാലത്തിനായി 26 ഭൂവുടമകളുടെ സ്ഥലമേറ്റെടുക്കൽ കോടതിയിൽ തുക കെട്ടിവച്ച് വേഗത്തിലാക്കാനും നിർദേശിച്ചു.
കരിപ്പൂർ വിമാനത്താവള റോഡിന്റെ രണ്ടാംഘട്ടം, എലിവേറ്റഡ് ഹൈവേ ടെൻഡർ, ഡ്രെയിനേജ് എസ്റ്റിമേറ്റ് എന്നിവ വേഗത്തിലാക്കണമെന്ന് ടി.വി. ഇബ്രാഹിമും ആവശ്യപ്പെട്ടു. കാലിക്കറ്റ് സർവകലാശാല സംഘർഷത്തിൽ മുൻപത്തെ സമാധാന തീരുമാനങ്ങൾ പാലിച്ച് പുതിയ കേസുകൾ ഒഴിവാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
