സൂപ്പർ ലീഗ് കേരള: സെമിയിൽ മലപ്പുറത്തിന് കൊച്ചിയുടെ വെല്ലുവിളി; ആദ്യപാദം ഡിസംബർ ഒന്നിന് കൊച്ചിയിൽ
മലപ്പുറം: സൂപ്പർ ലീഗ് കേരള സെമിഫൈനൽ മത്സരക്രമം പ്രഖ്യാപിച്ചു. മലപ്പുറം എഫ്‌സി ഫോഴ്‌സ കൊച്ചി എഫ്‌സിയെ നേരിടും. ആദ്യപാദം ഡിസംബർ ഒന്നിന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലും രണ്ടാംപാദം ഡിസംബർ അഞ്ചിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലും നടക്കും. രണ്ടു മത്സരങ്ങളും രാത്രി 7.30ന് ആരംഭിക്കും.
ആദ്യപാദത്തിൽ എതിരാളികളുടെ തട്ടകത്തിൽ കളിക്കേണ്ടി വരുന്ന മലപ്പുറത്തിന്, രണ്ടാംപാദത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ പയ്യനാടിന്റെ ആനുകൂല്യം ലഭിക്കും. കൊച്ചിയിൽ നിന്ന് മികച്ച ഫലവുമായി മടങ്ങിയെത്തിയാൽ മഞ്ചേരിയിൽ ഫൈനൽ ടിക്കറ്റ് ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ടീമും ആരാധകരും.
രണ്ടാം സെമിയിൽ തിരുവനന്തപുരം കൊമ്പൻസ്, കാലിക്കറ്റ് എഫ്‌സിയെ നേരിടും. ആദ്യപാദം ഡിസംബർ രണ്ടിന് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും രണ്ടാംപാദം ഡിസംബർ ആറിന് കോഴിക്കോട് ഇ.എം.എസ്. കോർപ്പറേഷൻ സ്റ്റേഡിയത്തിലും നടക്കും. ഈ മത്സരങ്ങളും രാത്രി 7.30ന് തന്നെ.
