യാത്രക്കിടെ സ്ത്രീകളുടെ ബാഗിൽ നിന്ന് പേഴ്സും പണവും മോഷ്ടിക്കുന്ന യുവതി തിരൂരിൽ പിടിയിൽ

November 14, 2026 - By Malapuram

തിരൂർ: യാത്രക്കാരായ സ്ത്രീകളുടെ ബാഗുകളിൽ നിന്ന് പേഴ്സും പണവും മോഷ്ടിക്കുന്ന യുവതിയെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ കുറുപ്പുംപടി സ്വദേശിനി ദേവിക സുധീഷ്  ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി തിരൂർ റെയിൽവേ സ്റ്റേഷനിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട യുവതിയെക്കുറിച്ച് റെയിൽവേ പൊലീസ് വിവരം നൽകിയതിനെ തുടർന്ന് തിരൂർ പൊലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരിശോധനയിൽ ഇവരുടെ ബാഗിൽ നിന്ന് നിരവധി പേഴ്സുകൾ കണ്ടെടുത്തു. താമസിച്ചിരുന്ന മുറിയിൽ നടത്തിയ പരിശോധനയിലും പേഴ്സുകളും മറ്റ് സാധനങ്ങളും കണ്ടെത്തി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു.
ആയുർവേദ ഉൽപ്പന്നങ്ങളുടെ ഡോർ ടു ഡോർ വിൽപ്പനയുടെ മറവിലായിരുന്നു മോഷണമെന്ന് പൊലീസ് പറഞ്ഞു. തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമെത്തി സ്ത്രീകൾ അറിയാതെ ബാഗ് തുറന്ന് പണവും പേഴ്സും കവരുകയാണ് ഇവരുടെ രീതി. പുറകിലേക്ക് ഇടുന്ന തരം ബാഗുകളാണ് കൂടുതലായും ലക്ഷ്യമിട്ടിരുന്നത്. ഇവർക്കെതിരെ സമാനമായ കേസ് പൊന്നാനിയിലും നിലവിലുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.
അറസ്റ്റിലായ പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി. കോടതി ഇവരെ കോഴിക്കോട് ജയിലിലേക്ക് റിമാൻഡ് ചെയ്തു.
തിരൂർ പൊലീസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സബ് ഇൻസ്പെക്ടർമാരായ അനുഷ, മിഥുൻ, നസീർ തിരൂർക്കാട്, എഎസ്ഐമാരായ പ്രീത, ഹൈമാവതി, എസ്‌സിപിഒ ഷെമിത് ലാൽ, സിപിഒമാരായ ദൃശ്യ, പ്രിയങ്ക, ടോണി, അനന്തു, ഉണ്ണിക്കുട്ടൻ, പ്രദീപ്, ആഷിഷ്, ദിൽജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Category: തിരൂർ

Recent

Load More