മലപ്പുറം ഗവ. കോളജ് നബാർഡ് സഹായത്തോടെ പുനർനിർമിക്കും: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

November 28, 2026 - By Malapuram

മലപ്പുറം: മലപ്പുറം ഗവ. കോളജ് സമഗ്രമായി പുനർനിർമിക്കുന്നതിന് നബാർഡിന്റെ സഹായത്തോടെ വികസന പദ്ധതി നടപ്പാക്കുമെന്ന് വ്യവസായ, ഐ.ടി, എ.ഐ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കോളജിൽ പുതുതായി അനുവദിച്ച കോഴ്‌സുകളുടെയും വിവിധ വികസന പദ്ധതികളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കോളജിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പത്താമത് കേരള ഹിസ്റ്ററി കോൺഫറൻസും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇ.ടി. മുഹമ്മദ് ബഷീർ എം.പി അധ്യക്ഷനായി. ബി.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡേറ്റാ സയൻസ്, ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ തുടങ്ങിയ പുതിയ കോഴ്‌സുകളാണ് ഉദ്ഘാടനം ചെയ്തത്. 1.25 കോടി രൂപ ചെലവിൽ നിർമിച്ച സയൻസ് ബ്ലോക്കിന്റെ മൂന്നാം നിലയും ചടങ്ങിൽ തുറന്നുകൊടുത്തു. 35 ലക്ഷം രൂപയുടെ ഓഡിറ്റോറിയം നവീകരണം, 40 ലക്ഷം രൂപയുടെ ലൈബ്രറി വർക്ക് എന്നിവയുടെ നിർമാണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ ജേതാക്കളായ കോളജ് ടീമിനുള്ള ഉപഹാരവും അദ്ദേഹം കൈമാറി.

ജില്ലാ കലക്ടർ ഡോ. വിനയ് ഗോയൽ, കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സൈനുൽ ആബിദ് കോട്ട, മുൻ എം.എൽ.എ പി. ഉബൈദുല്ല, നഗരസഭാ ചെയർപേഴ്‌സൺ അഡ്വ. വി.ആർ. നിഷ, എം.കെ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ എ.ടി. അബ്ദുൽ ജബ്ബാർ, ടി.ജെ. മാർട്ടിൻ, കോളജ് യൂണിയൻ ചെയർമാൻ വി.പി. നസീഹ, ഹിസ്റ്ററി കോൺഫറൻസ് പ്രസിഡന്റ് ഡോ. മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.

Recent

Load More