യു.പി.ഐ. ഇടപാടുകൾക്ക് അധിക നിരക്ക്; പ്രതിഷേധവുമായി വ്യാപാരികൾ.

October 14, 2026 - By North Malappuram


നിലമ്പൂർ: രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ. ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എം.ഡി.ആർ.) ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നിർദേശത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ എടക്കരയിലും നിലമ്പൂരിലും പ്രതിഷേധം.

എടക്കരയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്തി. യൂണിറ്റ് പ്രസിഡന്റ് സി.കെ. ബാബു ഉദ്ഘാടനം ചെയ്തു. ടി.ടി. നാസർ, നൗഫൽ റൊസൈസ്, സാബിർ മേച്ചേരി, സി.ടി. സലാം, ബിജു നവീൻ, എം. ബാസിത്, ജിഷി മാത്യു എന്നിവർ സംസാരിച്ചു. വിജയൻ ചെറിയത്ത്, ഷാജി കാരാടൻ, ഇ. അഷറഫ്, എം.ടി. സജി, മൻസൂർ കാരയിൽ, റഷീദ് കുരിക്കൾ, അസീസ് പട്ടാണീസ്, ജമാൽ തുടങ്ങിയവർ നേതൃത്വം നൽകി.

നിലമ്പൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. ഈ മാസം 15-ന് തിരുവനന്തപുരം ലോക്ഭവനിലേക്ക് സംസ്ഥാന കമ്മിറ്റി നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു പ്രകടനം. യൂണിറ്റ് പ്രസിഡന്റ് വിനോദ് പി. മേനോൻ, സെക്രട്ടറി കെ. സഫറുള്ള, ഖജാൻജി കെ.സി. മുഹമ്മദ് അഷ്റഫ്, കെ. നൗഷാദ്, പി.വി. സനൽകുമാർ എന്നിവർ നേതൃത്വം നൽകി.

Recent

Load More