ജനവാസമേഖലകൾ പരിസ്ഥിതിലോല മേഖല പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് വനംവകുപ്പ്

September 15, 2026 - By MalappuramMedia

കാളികാവ്: കരിമ്പുഴ വന്യജീവിസങ്കേതത്തിന് ചുറ്റുമുള്ള 44.24 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോല മേഖലയായി (ഇ.എസ്.സെഡ്.) പ്രഖ്യാപിച്ചെങ്കിലും ജനവാസമേഖലകൾ ഇ.എസ്.സെഡ്. പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി.

വഴിക്കടവ്, മൂത്തേടം, കരുളായി, അമരമ്പലം പഞ്ചായത്തുകളിലെ വനമേഖലകളാണ് പ്രധാനമായും ഇ.എസ്.സെഡ്. പരിധിയിൽ വരുന്നത്. വിജ്ഞാപനത്തിലെ പട്ടികയിൽ നാല് ഗ്രാമങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും അവിടെയുള്ള ജനവാസമേഖലകൾ ഇ.എസ്.സെഡ്. പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.

2019-ൽ സംരക്ഷിത പ്രദേശ ശൃംഖലയിൽ ഉൾപ്പെടുത്തിയ കരിമ്പുഴ വന്യജീവിസങ്കേതത്തിന് 227.97 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുണ്ട്. ആന, കടുവ, പുലി, കാട്ടുപോത്ത്, കാട്ടുപന്നി, സിംഹവാലൻ കുരങ്ങ്, നീലഗിരി താർ, തേവാങ്ക് തുടങ്ങിയ വന്യജീവികളുടെ പ്രധാന ആവാസകേന്ദ്രമാണിത്.

മലബാർ മഹ്‌സീർ ഉൾപ്പെടെയുള്ള അപൂർവ ജലജീവികൾക്കും വിവിധ പക്ഷി, ശലഭ, ഉഭയജീവി വിഭാഗങ്ങൾക്കും കരിമ്പുഴ വന്യജീവിസങ്കേതം പ്രധാന ആവാസമേഖലയാണ്.

Recent

Load More