സംസ്ഥാന ജൂനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ല ഓവറോൾ ചാമ്പ്യൻമാർ

August 17, 2026 - By MalappuramMedia



മഞ്ചേരി: തുർക്കൽ എച്ച്.എം.എസ്.എ.യു.പി. സ്കൂൾ ഹാളിൽ നടന്ന സംസ്ഥാന ജൂനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ 63 പോയിന്റ് നേടി മലപ്പുറം ജില്ല ഓവറോൾ ചാമ്പ്യന്മാരായി. 57 പോയിന്റ് നേടിയ കണ്ണൂർ ജില്ല റണ്ണേഴ്സ് അപ്പും 33 പോയിന്റുമായി തിരുവനന്തപുരം ജില്ല മൂന്നാം സ്ഥാനവും നേടി.

പുരുഷവിഭാഗത്തിൽ മലപ്പുറം ജില്ലയും വനിതാവിഭാഗത്തിൽ കണ്ണൂർ ജില്ലയുമാണ് ഒന്നാം സ്ഥാനത്തെത്തിയത്.

പുരുഷവിഭാഗം ഫോയിലിൽ കെ.പി. അമൃതപ്രസാദ്, സാബർ വിഭാഗത്തിൽ പാർഥിവ് എസ്. ചെറുകാട്, എപ്പി വിഭാഗത്തിൽ ടി.വി. സ്നേഷ് എന്നിവർ മലപ്പുറം ജില്ലയ്ക്കായി സ്വർണം നേടി. വനിതാവിഭാഗം ഫോയിലിൽ ആൻ മരിയ വിനോസ്, സാബർ വിഭാഗത്തിൽ ഇ. തിയ, എപ്പി വിഭാഗത്തിൽ നിവേദ്യ നായർ എന്നിവർ കണ്ണൂരിനായി സ്വർണം നേടി.

വിജയികൾക്ക് മഞ്ചേരി നഗരസഭാ ഉപാധ്യക്ഷ അഡ്വ. ബീനാ ജോസഫ് ട്രോഫികൾ വിതരണം ചെയ്തു. സംസ്ഥാന സ്പോർട്സ് കൗൺസിൽ എക്സിക്യുട്ടീവ് അംഗം എ. ശ്രീകുമാർ അധ്യക്ഷനായി. സംസ്ഥാന ഫെൻസിങ് അസോസിയേഷൻ സെക്രട്ടറി മുജീബ്, ചാമ്പ്യൻഷിപ്പ് ഡയറക്ടർ സാഗർ ലാഗു, ജില്ലാ അസോസിയേഷൻ പ്രസിഡന്റ് അനൂപ് പറക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.

Category: SPORTS MEDIA

Recent

Load More