കാലിക്കറ്റ് സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പ്: യുഡിഎസ്എഫ്‌ ഭരണം നിലനിർത്തി

August 15, 2026 - By MalappuramMedia

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പിൽ യു.ഡി.എസ്.എഫ്. മുഴുവൻ ജനറൽ സീറ്റുകളിലും വിജയിച്ച് യൂണിയൻ ഭരണം നിലനിർത്തി. ചെറുവണ്ണൂർ എ.ഡബ്ല്യൂ.എച്ച്. കോളേജ് ഓഫ് എജുക്കേഷനിലെ കെ.വി. അഹദ് സമാൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.

ചാത്തമംഗലം എം.ഇ.എസ്. കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ മുഹമ്മദ് ഷനിഫാണ് ജനറൽ സെക്രട്ടറി. പയ്യോളി മേപ്പയൂർ സലഫി ടീച്ചർ എജുക്കേഷൻ കോളേജിലെ എ.കെ. ഫഹദ് വൈസ് ചെയർമാനായും പെരിന്തൽമണ്ണ ഐ.എസ്.എസ്. കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിലെ ആർ. നീരജ ലേഡി വൈസ് ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ അഭിന്യ ബിജുവാണ് ജോയിന്റ് സെക്രട്ടറി.

കോഴിക്കോട്, മലപ്പുറം ജില്ലാ പ്രതിനിധി സ്ഥാനങ്ങളും യു.ഡി.എസ്.എഫ്. നേടി. എച്ച്. ഫാദിൽ ഹമീദ് കോഴിക്കോടിന്റെയും കെ.സി. അബ്ദുൾവാജിദ് മലപ്പുറത്തിന്റെയും പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടു.

അതേസമയം പാലക്കാട്, തൃശൂർ, വയനാട് ജില്ലാ പ്രതിനിധി സ്ഥാനങ്ങൾ എസ്.എഫ്.ഐ. നേടി. തൃശൂർ ഗവ. ലോ കോളേജിലെ ദേവപ്രസാദ് എസ്. മേനോൻ, മുണ്ടൂർ യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ പി. അർപ്പിത, സെന്റർ ഫോർ പി.ജി. സ്റ്റഡീസ് ഇൻ സോഷ്യൽ വർക്കിലെ ആർ. അജേഷ് എന്നിവരാണ് വിജയിച്ച എസ്.എഫ്.ഐ. സ്ഥാനാർഥികൾ.

മുൻവർഷത്തെ അപേക്ഷിച്ച് ശക്തമായ മത്സരമാണ് ഇത്തവണ നടന്നത്. നേരിയ ഭൂരിപക്ഷത്തിലാണ് യു.ഡി.എസ്.എഫ്. ജനറൽ സീറ്റുകളിൽ വിജയം നേടിയത്.

Recent

Load More