വിവാഹവാഗ്ദാനം നൽകി 7.7 ലക്ഷം തട്ടിപ്പ്; വ്യാജ ഉദ്യോഗസ്ഥൻ മഞ്ചേരിയിൽ അറസ്റ്റിൽ
മഞ്ചേരി: ഇന്ത്യൻ സൈന്യത്തിലും രഹസ്യാന്വേഷണ ഏജൻസിയായ റോയിലും ഉന്നത ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹവാഗ്ദാനം നൽകി യുവതിയിൽനിന്ന് 7.7 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം വടക്കാങ്ങര അറക്കൽ മുഹമ്മദ് ഷിബിലി (30)യെയാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ ടി.ജി. ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
വിവാഹ വെബ്സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുടെ ഫോൺ നമ്പറും സാമൂഹികമാധ്യമ വിവരങ്ങളും കൈക്കലാക്കിയ പ്രതി, സൈന്യത്തിലും റോയിലും ഉയർന്ന തസ്തികയിൽ ജോലി ചെയ്യുകയാണെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. വിവാഹവാഗ്ദാനം നൽകി യുവതിയുടെ സ്വർണാഭരണങ്ങൾ പണയംവെച്ചാണ് 7,70,000 രൂപയോളം തട്ടിയെടുത്തത്. പിന്നീട് വിവാഹത്തിൽനിന്ന് പിന്മാറി.
യുവതിയുടെ പരാതിയിൽ മഞ്ചേരി പോലീസ് കേസെടുത്തിരുന്നു. വർഷങ്ങളായി വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് സമാനരീതിയിൽ തട്ടിപ്പ് നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. പാലക്കാട്, മലപ്പുറം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പ്രതിക്കെതിരെ നിരവധി കേസുകളുണ്ടെന്നും പോലീസ് അറിയിച്ചു.
എസ്.ഐ. ശശികുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റിയാസ്, തൗഫീഖ്, നിഷാദ്, സാലിം, ഉബൈദ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
