പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതി; നിർദേശങ്ങളുമായി സൂപ്രണ്ടിന്റെ ഉത്തരവ്

October 14, 2026 - By Malapuram

പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവർക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും പ്രാഥമിക പരിശോധന പോലും നടത്താതെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുന്നതായും പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രശ്നപരിഹാരത്തിനായി ആശുപത്രി സൂപ്രണ്ട് ജീവനക്കാർക്ക് നിർദേശങ്ങൾ നൽകി ഉത്തരവിറക്കി.

മുള്ളൻമട സ്വദേശി രാജു നൽകിയ പരാതിയിലാണ് നടപടി. പെരിന്തൽമണ്ണ സായി സ്നേഹതീരം ട്രൈബൽ ഹോസ്റ്റലിലെ കുട്ടികളെ ഉൾപ്പെടെ ചെറിയ രോഗങ്ങൾക്ക് പോലും പ്രാഥമിക പരിശോധന നടത്താതെ റഫർ ചെയ്യുന്നതായും ആംബുലൻസ് ലഭിക്കാത്ത സാഹചര്യമുണ്ടായതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സായി സ്നേഹതീരം ട്രൈബൽ ഹോസ്റ്റൽ രക്ഷാധികാരി കെ.ആർ. രവി ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് രാജു പരാതി നൽകിയത്.

ആശുപത്രിയിൽ ചികിത്സയ്ക്കും മറ്റ് സേവനങ്ങൾക്കുമായി എത്തുന്ന എല്ലാവരോടും മാന്യമായി പെരുമാറണമെന്നും പരാതികൾക്ക് ഇടവരാത്ത വിധം സേവനങ്ങൾ ഉറപ്പാക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു. എല്ലാ രോഗികൾക്കും മതിയായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് വാർഡ്, യൂണിറ്റ് ഇൻചാർജുമാരും ജീവനക്കാരും ഉറപ്പുവരുത്തണം. മുൻഗണന അർഹിക്കുന്ന പിന്നാക്ക വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകണമെന്നും ആവശ്യമായ ചികിത്സാ, അനുബന്ധ സൗകര്യങ്ങൾ ലഭ്യമാക്കണമെന്നും നിർദേശമുണ്ട്.

മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുന്ന രോഗികൾക്ക് ആശുപത്രിയുടെ ആംബുലൻസ് സേവനം ലഭ്യമല്ലെങ്കിൽ പുറത്തുനിന്ന് ആംബുലൻസ് ഏർപ്പെടുത്തേണ്ട ചുമതല ഡ്യൂട്ടിയിലുള്ള ജീവനക്കാർക്കായിരിക്കും. ഇക്കാര്യത്തിൽ വീഴ്ചയുണ്ടാകാതിരിക്കാൻ വാർഡ്, യൂണിറ്റ് ഇൻചാർജുമാർ ശ്രദ്ധിക്കണമെന്നും ഉത്തരവിൽ പറയുന്നു.

ആംബുലൻസ് തുക നൽകാൻ കഴിയാത്ത രോഗികൾക്കും സൗജന്യ റഫറൽ സൗകര്യം ലഭിക്കേണ്ട വിഭാഗങ്ങൾക്കും ആവശ്യമായ ഫണ്ട് ലഭ്യമല്ലെങ്കിൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി (എച്ച്.എം.സി.) ഫണ്ടിൽനിന്ന് തുക അനുവദിക്കാമെന്നും ഉത്തരവിലുണ്ട്. ഇതിനായി ബന്ധപ്പെട്ട വാർഡ്, യൂണിറ്റ് ഇൻചാർജുമാർ അപേക്ഷയും അനുബന്ധ രേഖകളും സഹിതം ആശുപത്രി ഓഫീസിൽ സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

Recent

Load More